രാഹുൽ ഗാന്ധിയോട് മണിപ്പൂരിൽനിന്ന് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായി വ്യാജ പ്രചാരണം | Fact Check

#ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

ഒരു വർഷം കഴിഞ്ഞിട്ടും കലാപമടങ്ങാത്ത മണിപ്പൂരിൽ കോൺഗ്രസ് എം.പിയും ലോകസഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി  വീണ്ടും സന്ദർശനം നടത്തിയിരുന്നു. സംസ്ഥാനം കലാപബാധിതമായ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത് സന്ദർശനമായിരുന്നു ജൂലൈ എട്ടിലേത്. മണിപ്പൂരിലെ ജനങ്ങളെ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തണമെന്നും സംസ്ഥാനത്തെ ശാന്തമാക്കുന്ന ഏത് നടപടിയെയും പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാണെന്നും സന്ദർശനവേളയിൽ അദ്ദേഹം പ്രസ്താവിച്ചു. രാഹുലിൻറെ സന്ദർശനത്തെ ട്രാജഡി ടൂറിസം എന്ന വിമർശം ഉയർത്തിയാണ് ബി.ജെ.പി. നേരിട്ടത്. 

മണിപ്പൂരിലെ ജനങ്ങൾ  രാഹുലിനോട് സന്ദർശനം മതിയാക്കി മടങ്ങിപ്പോകാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ എന്ന വാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തുത അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ് ലൈനിൽ (8594006262) ലഭിച്ച ഈ വീഡിയോയുടെ യാഥാർത്ഥ്യം പരിശോധിക്കാം. 

അന്വേഷണം 

രണ്ടര മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിന്റെ തുടക്കത്തിൽ രാഹുൽ ഒരു കടയ്ക്കകത്ത് നിൽക്കുന്നത് കാണാം. ചുറ്റും തിരക്ക് കൂട്ടുന്ന ജനങ്ങൾക്കിടയിലൂടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്കിറക്കുന്നു. തുടർന്ന് പ്ലക്കാർഡുകളും കൊടികളുമായി രാഹുൽ ഗാന്ധി ഗോ ബാക്ക് മുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടത്തെയും അവിടെനിന്നും കാറിൽ കയറിപ്പോകുന്ന രാഹുലിനെയും ദൃശ്യങ്ങളിൽ കാണാം. 

പ്രചരിക്കുന്ന വീഡിയോയിൽ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ ലോഗോയുണ്ട്. കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽ നിന്നും എ.എൻ.ഐ എക്‌സിൽ (നേരത്തെ ട്വിറ്റർ) പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. 2024 ജനുവരി 21-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അസാമിലെ അമ്പാഗനിൽ രാഹുലിനെതിരെ നടന്ന പ്രതിഷേധമാണിത് എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഈ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കണ്ടെത്തി. രാഹുൽ ഗാന്ധി നയിച്ച  ഭാരത് ജോഡോ ന്യായ് യാത്ര ആസ്സാമിലെത്തിയപ്പോഴായിരുന്നു പ്രസ്തുത സംഭവം. ജനുവരി 14-ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ച്, എട്ടാം ദിവസം  (ജനുവരി 21-ന്) രാത്രി രാഹുൽ അസമിലെ നാഗോണിൽ എത്തിയപ്പോഴായിരുന്നു ഇത്.  'റാക്കിബുൾ ഹുസൈൻ ഗോ ബാക്ക്', 'അന്യായ് യാത്ര' എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും 'രാഹുൽ ഗാന്ധി ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. പ്രവർത്തകരാണ് രാഹുലിനെതിരെ പ്രതിഷേധിച്ചത്. അസമിലെ സമഗുരിയിൽ നിന്നുള്ള അന്നത്തെ കോൺഗ്രസ് എം.എൽ.എയും പിന്നീട് ധുബ്രി ലോക്‌സഭ  മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട റാക്കിബുൾ ഹുസൈനെ പരാമർശിച്ചുകൊണ്ടാണ് 'റാക്കിബുൾ ഗോ ബാക്ക്' എന്ന പ്ലക്കാർഡ്. 

ജനുവരി 20-നും സമാനരീതിയിൽ ഭരത് ജോഡോ ന്യായ് യാത്രക്കിടെ ബി.ജെ.പി. പ്രവർത്തകരെത്തി പ്രതിഷേധിച്ചിരുന്നു. അസമിലെ ലഖിമ്പുവിൽ വച്ച് 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ വാഹനവ്യൂഹം ബി.ജെ.പി. പ്രവർത്തകർ ആക്രമിച്ചതായി കോൺഗ്രസ് ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നും  ആസാമിലെ പലഭാഗങ്ങളിൽവച്ച് രാഹുൽ ഗാന്ധിക്ക് നേരെ സമാന സംഭവങ്ങൾ നടന്നതായി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 

https://www.ndtv.com/india-news/crowd-raises-slogans-against-rahul-gandhi-outside-eatery-in-assam-bharat-jodo-nyay-yatra-4906556 

https://www.livemint.com/news/india/rahul-gandhi-blows-flying-kisses-to-modi-supporters-chanting-jai-shri-ram-during-bharat-jodo-nyay-yatra-watch-11705888881600.html 

https://www.ptinews.com/story/national/crowd-raises-slogans-against-rahul-gandhi-outside-eatery-in-assam-s-nagaon/1231943 

വാസ്തവം 

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രക്കിടെ, 2024 ജനുവരി 21-ന് അസമിലെ നാഗോണിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ജൂലൈ എട്ടിന് മണിപ്പൂരിൽ നടന്നതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. 

Content Highlights: Crowd with placards and flags shouting Rahul Gandhi go back is false