ബംഗാൾ തെരഞ്ഞെടുപ്പിനിടെ നടന്ന ബൂത്ത് പിടിത്തത്തിന്റെ ദൃശ്യങ്ങളോ ഇത്? | Fact Check

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതിനിട പലയിടങ്ങളിലും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ ജനക്കൂട്ടത്തിന് നേരെ നടന്ന നാടൻ ബോംബ് ആക്രമണത്തിൽ ഒട്ടേറെപ്പേർക്കാണ് പരിക്കേറ്റത്. പലയിടങ്ങളിലും എതിർ പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ, തൃണമുൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്ത് എതിരാളികളെ തല്ലിയോടിച്ചാണ് അധികാരത്തിലെത്തുന്നത് എന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി.
പോസ്റ്റിൽ വീഡിയോക്കൊപ്പം നൽകിയ വിവരണം -
"ഇതുപോലുള്ള നൂറുകണക്കിന് വീഡിയോകളാണ് നവമാധ്യമങ്ങളിൽ പശ്ചിമബംഗാളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്
ഇപ്പോൾ മനസ്സിലായോ മലയാളികളെ??? കോൺഗ്രസ് ബംഗാൾ ഭരിക്കുമ്പോഴും സിപിഎം ഭരിക്കുമ്പോഴും ഇപ്പോൾ തൃണമൂൽ ഭരിക്കുമ്പോഴും ഇതാണ് അവരുടെ ജനാധിപത്യരീതി.ബൂത്ത് പിടിച്ചെടുത്ത്, എതിരാളികളെ തല്ലി ഓടിച്ച്, സ്വയം വോട്ട് ചെയ്ത് സ്വയം അധികാരത്തിൽ വരികഅതാണ് ഇവർ മൂന്നുപേരും ബംഗാളിൽ ചെയ്തുകൊണ്ടിരുന്നത്".
രണ്ട് മിനുറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ തോക്കുകളേന്തിയ പട്ടാളക്കാർ ഒരു കൃഷിയിടത്തിലേക്ക് വന്ന് ഏതാനും പേരെ പിടികൂടി കൊണ്ടുപോകുന്നതായി കാണാം. ഇതിനിടെ ഒരാൾ ഓടി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ 'സവ്വത്തർ ആലോ' എന്ന ബംഗ്ലാദേശി മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ 2026 ഫെബ്രുവരി 12ന് പങ്കുവച്ചതായി കണ്ടെത്തി.
‘ബംഗ്ലാദേശിലെ മുൻഷിഗഞ്ച് സദർ ഉപജില്ലയിൽപ്പെടുന്ന മൊല്ലക്കണ്ടി യൂണിയനിലെ മഖാതി പ്രദേശത്ത് സ്ഫോടനം നടത്തിയവരെന്ന് സംശയിക്കുന്ന അഞ്ച് പേരെ ബംഗ്ലാദേശ് സൈന്യം പിന്തുടർന്ന് പിടികൂടി’ എന്നാണ് വീഡിയോക്ക് ബംഗാളി ഭാഷയിൽ നൽകിയിരിക്കുന്ന വിവരണം.
ഇതിൽനിന്ന് ലഭിച്ച സൂചനകളുടെ അടസ്ഥാനത്തിൽ കീവേർഡ് സർച്ച് ചെയ്തതിൽനിന്നു ചില റിപ്പോർട്ടുകൾ കണ്ടെത്തി. 2026 ഫെബ്രുവരി 12ന് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിനിടെ മൊല്ലകണ്ടിയിലെ ഗുരുചരൺ ഹൈസ്കൂൾ പോളിംഗ് സ്റ്റേഷന് മുന്നിൽ സ്ഫോടനം നടന്നിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12:30 ഓടെ മഖാതി പ്രദേശത്തെ ഉരുളക്കിഴങ്ങ് പാടത്ത് നിന്ന് ആറുപേരെ സൈന്യം അറസ്റ്റ് ചെയ്തു. ഇമ്രാൻ ഹൊസൈൻ (34), ഹബു മാജി (45), ജോയ് മാജി എന്ന പർവേസ് മാജി (25), കമൽ സർക്കാർ (40), റഹ്മത്ത് മാജി (39), നഹിദ് സിക്ദർ (38) എന്നിവരാണ് അറസ്റ്റിലായത് എന്നാണ് വാർത്തകളിൽ പറയുന്നത്. ഇത് സംബന്ധിച്ച് ബംഗ്ലാദേശ് മാധ്യമമായ സ്റ്റാർ ന്യൂസ് നൽകിയ വാർത്ത ചുവടെ നൽകുന്നു.
പൊതുതെരഞ്ഞെടുപ്പിനിടെ നടന്ന നാടൻ ബോംബ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ സൈന്യം പിടികൂടിയ വാർത്ത ഇത്തെഫാഗ് എന്ന മാധ്യമം പ്രസിദ്ധീകരിച്ചതും ലഭിച്ചു. പ്രചിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളാണ് ഈ വാർത്തകൾക്കൊപ്പം നൽകിയിരിക്കുന്നത്.
ഇതിൽനിന്നു കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.
Content Highlights: Viral video falsely linked to West Bengal elections., Footage identified as Bangladesh military arresting suspects in 2026., Original event occurred on February 12, 2026, in Munshiganj, Bangladesh., Multiple credible Bangladesh media outlets confirm the arrest of six individuals., Video misrepresents democratic processes to incite political misinformation.