മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയെ വീട്ടുകാർ മർദിക്കുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

സിജെപി സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി അധിക്ഷേപ പരാമർശം നടത്തിയ പെൺകുട്ടി പരസ്യമായി മാപ്പ് പറഞ്ഞിട്ടും നേരിട്ടും സൈബർ ഇടങ്ങളിലൂടെയുമുള്ള ആക്രമണം തുടരുന്നതായി കുട്ടിയുടെ അമ്മ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. മകൾക്ക് 15 വയസ്സാണെന്ന് അറിയിച്ചിട്ടും കേസ് പിൻവലിച്ചില്ലെന്നും ഭീഷണികൾ കാരണം തുടർച്ചയായി താമസസ്ഥലം മാറേണ്ട അവസ്ഥയാണെന്നുമാണ് അവർ പറഞ്ഞത്.
ഇതിനിടെ ‘സിജെപി സമരത്തിൽ പങ്കെടുത്ത് അധിക്ഷേപ പരാമർശങ്ങൾ നടത്തിയ പെൺകുട്ടിയെ വീട്ടുകാർ നന്നായി കൈകാര്യം ചെയ്തു’ എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഒരു പെൺകുട്ടിയെ സ്ത്രീകൾ വഴക്കുപറയുകയും തുടരെ മുഖത്തടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.
രണ്ട് പെൺകുട്ടികൾ ചേർന്ന് നീലവസ്ത്രം ധരിച്ചൊരു കുട്ടിയുടെ മുഖത്തടിക്കുന്നതാണ് വീഡിയോയിൽ. വൈറൽ ദൃശ്യങ്ങളിൽ നിന്നുള്ള കീഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതിന്‍റെ കൂടുതൽ വ്യക്തതയുള്ള വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2026 ജനുവരി 21-ലെ ഈ പോസ്റ്റിൽ പറയുന്നത് ആൺസുഹൃത്തിന്‍റെ പേരിലാണ് പെൺകുട്ടിക്ക് മർദനമേറ്റത് എന്നാണ്. അതായത്, 2026 ജൂണിലാണ് സിജെപി സമരം തുടങ്ങിയതെങ്കിൽ അതിനും മാസങ്ങൾക്ക് മുൻപേ തന്നെ ഈ വീഡിയോ ഇൻറർനെറ്റിൽ ലഭ്യമാണെന്ന് സാരം.
https://x.com/gharkekalesh/status/2013863470111060366
പ്രസ്തുത വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചു. ചില മാധ്യമങ്ങൾ ഇതുസംബന്ധിച്ച വാർത്ത നൽകിയതായി കണ്ടെത്തി. ആൺസുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി പെൺകുട്ടികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് പെൺകുട്ടികൾ ചേർന്ന് മറ്റൊരു കുട്ടിയുടെ മുഖത്ത് അറുപതോളം തവണ ആവർത്തിച്ച് അടിച്ചതായും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വേറൊരാൾ വിഷയത്തിൽ ഇടപെടുന്നതിന് പകരം ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നെന്നും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, എവിടെയാണിത് നടന്നതെന്നോ സംഭവത്തിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ വാർത്തകളിൽ ഇല്ല.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 2026 ജനുവരി 20 മുതൽ ഇൻറർ നെറ്റിൽ പ്രചരിക്കുന്ന ദൃശ്യങ്ങളാണ് സിജെപി സമരത്തിലെ പെൺകുട്ടിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video of a girl being beaten is unrelated to the CJP protest., The video surfaced online in January 2026, months before the CJP protests began., The incident actually involved a dispute over a boyfriend between girls., Media reports confirm the video was captured by a bystander and is not a family punishment for political dissent.