പോലീസുകാർക്കൊപ്പം ചായ കുടിക്കുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ ഇപ്പോഴത്തേതോ? | Fact Check

എസ്കോർട്ട് ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ കൂടെയിരുന്ന് ചായ കുടിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ എന്ന വാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യൂണിഫോം ധരിച്ച മൂന്ന് പേർക്കൊപ്പമിരുന്ന് ചായകുടിക്കുന്ന വി.ഡിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവമറിയാൻ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, സമാനമായ പശ്ചാത്തലത്തിലുള്ള പഴയ ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചു. 2024 ജൂലൈ 20-ന് 'യുഡിഎഫ് ഓൺലൈൻ' (UDF Online) എന്ന ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ മുൻപ് പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. 'എസ്കോർട്ട് വന്ന പൊലീസുകാർക്കൊപ്പം കോഴിക്കോട് അടിവാരത്ത് വെച്ച് ചായ കുടിക്കുന്ന പ്രതിപക്ഷ നേതാവ്' എന്ന തലക്കെട്ടോടെയാണ് ഈ ദൃശ്യങ്ങൾ അന്ന് പങ്കുവെക്കപ്പെട്ടത്.
https://www.facebook.com/share/v/1DvvNYnxET/
2024-ൽ വയനാട് നടന്ന കെപിസിസി ക്യാമ്പിന് ശേഷം പൈലറ്റ് വന്ന പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചായ കുടിക്കുന്ന വി.ഡി. സതീശൻ്റെ ചിത്രമാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ പ്രചരിക്കുന്നത്.
വാസ്തവം
ഈ പ്രചാരണം തെറ്റദ്ധരിപ്പിക്കുന്നതാണ്. 2024-ൽ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെയുള്ള ചിത്രങ്ങളാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ തെറ്റായി പ്രചരിക്കുന്നത്.
Content Highlights: Viral photo of VD Satheesan drinking tea with police is misleading., The image is sourced from a 2024 video taken in Kozhikode., Mathrubhumi Fact Check confirms the context is being misrepresented., The original footage was posted by UDF Online on July 20, 2024.