മുഖ്യമന്ത്രി വി.ഡി സതീശൻ ആർഎസ്എസ് നേതാവിനൊപ്പമുള്ള ചിത്രമോ ഇത്?|FactCheck

#ഫാക്ട് ചെക്ക് ഡെസ്ക്

മുഖ്യമന്ത്രി വി.ഡി. സതീശന് ആർഎസ്എസ്സുമായി ബന്ധം ഉണ്ടെന്ന ആരോപണം രാഷ്ട്രീയ പ്രതിയോഗികൾ ഏറെ നാളായി ഉന്നയിക്കുന്നതാണ്. 2013-ൽ തൃശൂരിൽ, ആർഎസ്എസ് സൈദ്ധാന്തികൻ എം.എസ്. ഗോൾവാൾക്കറുടെ 'വിചാരധാര'യെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സതീശൻ പങ്കെടുത്തതായിരുന്നു വിവാദങ്ങളുടെ പ്രധാന കാരണം.

2001-ലും 2006-ലും പറവൂർ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ വി.ഡി. സതീശൻ ആർഎസ്എസ് വോട്ടുകൾക്കായി സഹായം അഭ്യർത്ഥിച്ചു എന്ന് ഹിന്ദു ഐക്യവേദി വേതാവ് ആർ.വി ബാബുവും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം സതീശൻ പാടെ തള്ളുകയായിരുന്നു.

സമാന ആരോപണവുമായി ഒരു പോസ്റ്റ് സാമൂഹിക മാധ്യമമായ എക്സിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സതീശൻ അധികാരം ഏറ്റെടുത്തത്തിന് ശേഷം ഏറ്റവും കൂടുതൽ കണ്ടത് ആർഎസ്എസ്, ബിജെപി നേതാക്കളെയും പ്രവർത്തകരെയുമാണ് എന്നാണ് പോസ്റ്റിലെ ആരോപണം. തെളിവെന്നോണം രണ്ട് ചിത്രങ്ങളും നൽകിയിട്ടുണ്ട്. ചിത്രത്തിൽ സതീശൻ ആലിംഗനം ചെയ്യുന്നത് തിരുവനന്തപുരത്തെ BJP കൗൺസിലറായ RSS നേതാവിനെയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

വൈറൽ പോസ്റ്റിലെ ചിത്രങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഇതിന്‍റെ വീഡിയോ കണ്ടെത്തി. മെയ് 22ന് ആഷിഫ് ടി.എം.എസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അക്കൗണ്ടിന്‍റെ ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത് യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എന്നാണ്. ഇയാൾ സംഘടനാ പരിപാടികളിൽ പങ്കെടുക്കുന്നതിന്‍റെയും യുഡിഎഫ് നേതാക്കൾക്കൊപ്പമുള്ളതുമായ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 
 

ആഷിഫിനെ ഫോണിൽ ബന്ധപ്പെട്ട് ഈ വിഷയത്തിൽ പ്രതികരണം തേടി. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവഹിയായ തന്‍റെ ചിത്രം ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരായി വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ആഷിഫ് മാതൃഭൂമി ഫാക്ട് ചെക്കിനോട് പറഞ്ഞു. കഴിഞ്ഞ മെയ് 22ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും തന്നോടൊപ്പം യൂത്ത് കോൺഗ്രസ് മലപ്പുറം അസംബ്ലി പ്രസിഡൻറ് അമീർ പൊറ്റമ്മലും ഉണ്ടായിരുന്നതായും ആഷിഫ് വ്യക്തമാക്കി. ഇതിൽ നിന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

Content Highlights: Viral claims alleging that V.D. Satheesan met with an RSS counselor are entirely false. An investigation into the social media rumors revealed that the individual in the circulated photograph was misidentified; he is actually a Youth Congress official, not an RSS member. This has been confirmed by the person in the photo, who clarified that the meeting took place officially at the Chief Minister’s office