മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാഹനവ്യൂഹമോ ഇത്? | Fact Check

#ഷിബിന വാസുദേവൻ

മുഖ്യമന്ത്രിയുടെ യാത്രകൾ പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നും പൈലറ്റ്-എസ്കോർട്ട് വാഹനങ്ങളല്ലാതെ വാഹനവ്യൂഹ അകമ്പടി തനിക്ക് ആവശ്യമില്ലെന്നും വി.ഡി.സതീശൻ മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിലപാടിന് വിരുദ്ധമായി അകമ്പടി വാഹനങ്ങളുടെ വലിയ നിരയോടൊപ്പം അദ്ദേഹം യാത്ര ചെയ്യുന്നു എന്ന തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതുപക്ഷ സോഷ്യൽ മീഡിയ പേജുകളിൽ വി.ഡി. സതീശൻ്റെ പേരിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നതെങ്കിൽ വലതുപക്ഷ പേജുകളിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹം എന്ന അവകാശവാദത്തോടെയാണ്. എന്നാൽ, ഈ രണ്ട് പ്രചാരണങ്ങളും വ്യാജമാണെന്ന് വസ്തുത പരിശോധനയിൽ വ്യക്തമായി.

 
 

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വൈറൽ വീഡിയോയിൽ കാണുന്ന കോൺവോയിൽ 21 വാഹനങ്ങളാണുള്ളത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതിൽ മൂന്നാമത് വരുന്ന വാഹനത്തിൻ്റെ മുൻപിലായി ദേശീയചിഹ്നമായ അശോകസ്‌തംഭം കാണാൻ സാധിക്കും. 2007-ലെ ഇന്ത്യൻ ചിഹ്ന ഉപയോഗ നിയന്ത്രണ നിയമങ്ങൾ ഷെഡ്യൂൾ II അനുസരിച്ച് അശോകസ്‌തംഭം വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് കർശന നിബന്ധനകളുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, ലഫ്റ്റനന്റ് ഗവർണർമാർ എന്നിവർക്ക് മാത്രമേ ഈ ചിഹ്നം സ്വന്തം ഔദ്യോഗിക വാഹനങ്ങളിൽ പ്രദർശിപ്പിക്കാൻ സാധിക്കൂകയുള്ളൂ. അന്താരാഷ്ട്ര തലത്തിൽ, ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കും വിദേശ വിശിഷ്ടാതിഥികൾക്കും ഇതിനുള്ള അർഹതയുണ്ട്. നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ളതല്ലാതെ, ഇഷ്‌ടാനുസരണം ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് ശിക്ഷാർഹമായ നടപടിയാണ്.

പ്രചരിക്കുന്ന വീഡിയോയിലുള്ളത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമല്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ അശോകസ്‌തംഭ ചിഹ്നം വയ്ക്കാറില്ല.

വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എവിടെവച്ചാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എങ്കിലും, ലഭ്യമായ തെളിവുകളുടെ അടിസ്ഥനത്തിൽ പ്രചരിക്കുന്നത് വി.ഡി. സതീശൻ്റെയോ പിണറായി വിജയൻ്റെയോ വാഹനവ്യൂഹമല്ലെന്ന് വ്യക്തം. മുൻപും വി.ഡി. സതീശനെതിരെ സമാന പ്രചാരണം നടന്നിരുന്നു അന്ന് മാതൃഭൂമി പ്രസിദ്ധീരിച്ച ഫാക്ട് ചെക്ക് റിപ്പോർട്ട് താഴെ നൽകുന്നു.

https://www.mathrubhumi.com/fact-check/general/fact-check-vd-satheesan-convoy-viral-video-2026-ijkn12a0

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോയിലുള്ളത് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാഹനവ്യൂഹമല്ല.

Content Highlights: A viral video falsely claims to show CM VD Satheesan or former CM Pinarayi Vijayan traveling with a massive convoy., Reverse image search and analysis reveal the convoy includes vehicles with the National Emblem (Ashoka Pillar)., Under Indian law, the Ashoka Pillar is strictly reserved for high constitutional authorities like the President, Vice President, and Governors, not state Chief Ministers., Fact check confirms the viral video has no relation to VD Satheesan or Pinarayi Vijayan.