പേരാമ്പ്രയിലെ ലീഗ് പ്രവർത്തകർ വിജയാഘോഷത്തിനിടെ ക്ഷേത്ര മുറ്റത്ത് കയറിയെന്ന പ്രചാരണം വ്യാജം

കോഴിക്കോട് ജില്ലയിലെ എൽഡിഎഫിന്റെ ഉരുക്കുകോട്ടയായ പേരാമ്പ്ര മണ്ഡലത്തിൽ അട്ടിമറി വിജയമാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ നേടിയത് . സിറ്റിംഗ് എംഎൽഎയും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തിയ ശേഷം മണ്ഡലത്തിൽ വലിയ രീതിയിലുള്ള വിജയഘോഷങ്ങൾ നടന്നിരുന്നു.
അത്തരത്തിൽ ഒരു വിജയാഘോഷത്തിന്‍റെ ദൃശ്യങ്ങൾ എക്സ് ഉൾപ്പടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഉത്തരേന്ത്യൻ ഹാൻഡിലുകളാണ് ഇത് പ്രചരിപ്പിക്കുന്നത്. ആഘോഷത്തിനിടെ ലീഗ് പ്രവർത്തകർ എളമാരൻകര ഭഗവതി ക്ഷേത്ര മുറ്റത്ത് ചിലർ നൃത്തം ചെയ്യാൻ ശ്രമിച്ചുവെന്നും നാല് ആർഎസ്എസ് പ്രവർത്തകർ ചേർന്ന് ഇത് തടഞ്ഞുവെന്നുമാണ് അവകാശവാദം. വൈറൽ വീഡിയോയിൽ കോൺഗ്രസ്, മുസ്ലിം ലീഗ് പതാകകൾക്കൊപ്പം ബിജെപിയുടെ കൊടിയും പിടിച്ച് നിൽക്കുന്ന പ്രവർത്തകരെയും പോലീസുകാരെയും കാണാം.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്:
“തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, പേരാമ്പ്ര മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയുള്ള ജിഹാദികൾ പേരാമ്പ്ര ടൗണിൽ ഒരു വിജയറാലി സംഘടിപ്പിച്ചു. ആഘോഷ പ്രകടനം ഇളമാരൻകര ഭഗവതി ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ ചില ജിഹാദികൾക്ക് ഒരു മോഹം - അവർക്ക് ക്ഷേത്രമുറ്റത്ത് കയറി നൃത്തം ചെയ്യണം. ഹിന്ദുക്കളെയും അതുവഴി ബിജെപിയെയും പരിഹസിക്കാനായിരുന്നു അവരുടെ നീക്കം. ഇവർ ക്ഷേത്രമുറ്റത്ത് കയറി നൃത്തം ചെയ്യുന്നത് 4 കാര്യകർത്താക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ കാര്യകർത്താക്കൾ ഇതിനെതിരെ പ്രതികരിക്കുകയും ആ ജിഹാദികളെ നേരിടാൻ മുന്നോട്ട് വരികയും ചെയ്തപ്പോൾ, പിന്നെ സംഭവിച്ചത് ഇതാണ്...
This is how Congress- Jihadi’s RUNS from Perambra when 4 Hindus stood their ground 🔥🔥
After the election victory, in the Perambra constituency, Congress-backed jihadis organized a victory rally in Perambra town. When the rally reached near “Elamaarankara Bhagavati Temple” —… pic.twitter.com/lOBFfRExxK— MAHARATHI (@MahaRathii) May 5, 2026
എക്സിന് പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി സാമൂഹികമാധ്യമങ്ങളിലും ഇതേ വീഡിയോ സമാന അവകാശവാദത്തോടെ തീവ്രവലത് അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നുണ്ട്. വൈറൽ ദൃശ്യങ്ങളിൽ റോഡിൽ തടിച്ചുകൂടി നിൽക്കുന്ന പ്രവർത്തകരെയും പശ്ചാത്തലത്തിൽ എളമാരൻകുളങ്ങര ഭഗവതി ക്ഷേത്രം എന്ന് എഴുതിയ ബോർഡും കാണാനാകും. ( പ്രചരിക്കുന്ന സന്ദേശത്തിൽ എളമാരൻകര ഭഗവതി ക്ഷേത്രം എന്നാണ് എഴുതിയിരിക്കുന്നത്.) ഈ ക്ഷേത്രം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലിലുള്ള മിൻഹാന്യത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ നിന്നും പ്രചരിക്കുന്ന വീഡിയോ പേരാമ്പ്രയിൽ നിന്നുംള്ളതാണെന്ന് ഉറപ്പായി.
പ്രചാരണത്തിന്‍റെ വസ്തുത അറിയാനായി മാതൃഭൂമിയുടെ പേരാമ്പ്ര ലേഖനുമായി ബന്ധപ്പെട്ടു.ക്ഷേത്രത്തിൻ്റെ മുറ്റത്ത് ലീഗ് വിജയാഘോഷം നടത്തി എന്ന പ്രചാരണം തീർത്തും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. “ അമ്പലനട റോഡിൽ നിന്നും ഏകദേശം 50 മീറ്റർ മാറിയാണ് ഏളമാരൻകുളങ്ങര ക്ഷേത്രം. വിജയാഘോഷം സംഘടിപ്പിച്ചത് കുറ്റാടി കോഴിക്കോട് പ്രധാന റോഡിലാണ് . ഈ സമയത്ത് ബിജെപി പ്രവർത്തകർ പ്രദേശത്ത് ഉണ്ടായിരുന്നു. ആഘോഷ പ്രകടനത്തിനിടെ ഇരു പാർട്ടികാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പിന്നീട് പോലീസ് എത്തി പ്രവർത്തകരെ ഓടിച്ചു. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ലീഗ് പ്രവർത്തകർ ക്ഷേത്രത്തിൻ്റെ മുറ്റത്ത് വിജയാഘോഷം നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഓഫീസർ ബിജു എം വിയെ ഫോണിൽ ബന്ധപ്പെട്ട് സംഭവത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ചു. ”പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകർ വിഷയാഘോഷം സംഘടിപ്പിച്ചതിനൊപ്പം, സംസ്ഥാനത്ത് ബിജെപിയുടെ സീറ്റ് നേട്ടം ആഘോഷമാക്കി പാർട്ടി പ്രവർത്തകർ അവിടെ പ്രകടനം നടത്തിയിരുന്നു. ഇരുകൂട്ടരും ഒരുമിച്ച് വന്ന സന്ദർഭത്തിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പോലീസ് സമയോചിതമായി ഇടപെട്ട് പ്രവർത്തകരെ അവിടെ നിന്നും ഓടിച്ചു. ഇതല്ലാതെ ഏളമാരൻ കുളങ്ങര ക്ഷേത്ര മുറ്റത്ത് ലീഗുകാർ വിജയഘോഷം നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചാരണം വ്യാജമാണ്.”
ഇതിൽ നിന്നും പ്രചാരണം വ്യാജമാണെന്നും സാമൂഹിക ഛിദ്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പടച്ചു വിടുന്നതാണെന്നും സ്ഥിരീകരിക്കാം.
Content Highlights: Viral claim alleging Muslim League workers entered a temple in Perambra is proven false., The incident was a minor scuffle between political parties on the main road, not inside temple premises., Police confirmed that no such trespassing occurred at Elamarankulangara Temple., The video is being used to create social disharmony by extremist social media accounts.