രാഹുൽ പ്രധാനമന്ത്രിയാകാൻ ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും ആഗ്രഹിക്കുന്നതായി കെ.സി. പറഞ്ഞോ?| Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കുന്നു’ എന്ന് വേണുഗോപാൽ പറഞ്ഞെന്ന തരത്തിലാണിത്. ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

https://x.com/Im_ashok4u/status/2089904781959778804

അന്വേഷണം

വർഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ളൊരു പ്രസ്താവന കെ.സി. വേണുഗോപാൽ നടത്താൻ സാധ്യതയില്ല. ഇത്തരത്തിലെന്തെങ്കിലും പരാമർശം അദ്ദേഹം നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും വലിയ വാർത്തയായേനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. പ്രചരിക്കുന്ന പോസ്റ്റർ ശ്രദ്ധിച്ചാൽ അതിൽ ചില അക്ഷരത്തെറ്റുകൾ കാണാൻ സാധിക്കും. ക്രിസ്ത്യാനികളും എന്നതിന് പകരം ‘ക്രിസ്ത്യാന്നികളും’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ചിത്രത്തിന് താഴെ വലത് വശത്തായി ജെമിനിയുടെ വാട്ടർമാർക്കും കാണാം. ഗൂഗിൾ ജെമിനി ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഇവ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നതിനായി, അവയുടെ താഴെ വലതുവശത്തായി ഒരു ചെറിയ 'സ്പാർക്കിൾ' ലോഗോ അല്ലെങ്കിൽ വാട്ടർമാർക്ക് നൽകാറുണ്ട്. ഇത് വൈറൽ ചിത്രം എഐ നിർമ്മിതമാണെന്നതിന് തെളിവാണ്.

മാത്രമല്ല, ഈ പ്രചാരണത്തിൻ്റെ സത്യാവസ്ഥ അറിയുന്നതിനായി കെ.സി. വേണുഗോപാലിൻ്റെ ഓഫീസുമായി ബന്ധപ്പെട്ടു. പ്രചാരാണം വ്യാജമാണെന്ന് അവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, സമാനമായൊരു പോസ്റ്റർ കണ്ടെത്തി. ഓൺലൈൻ മാധ്യമമായ ബട്ടർഫ്ലൈ എൻ്റർമെൻ്റ് കഴിഞ്ഞ ഓഗസ്റ്റ് 15-ന് പങ്കുവെച്ച പോസ്റ്ററാണിത്. ‘2029-ലെ ലോക്സ‌ഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകും' എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞതായാണ് ഇതിൽ.

 
 

  

  വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ആഗ്രഹിക്കുന്നു എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞിട്ടില്ല.

Content Highlights: Viral claim alleges KC Venugopal said all Christians and Muslims want Rahul Gandhi as Prime Minister., Mathrubhumi Fact Check confirmed the claim is entirely false., The viral image contains spelling errors and a Google Gemini watermark, proving it is AI-generated., KC Venugopal's office also confirmed the statement was never made.