രാജ്യത്ത് രണ്ട് ദിവസത്തേക്കുള്ള എണ്ണ മാത്രമേ ഉള്ളൂ എന്ന് കേന്ദ്രമന്ത്രി പറഞ്ഞോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ ഇന്ധന പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ

ഊർജ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മെയ് 10-ന് ആഹ്വാനം ചെയ്തിരുന്നു. സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കുക, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക എന്നീ നിർദേശങ്ങളും അതിൽപ്പെട്ടു. പലതരത്തിലുള്ള പ്രചാരണങ്ങൾക്കും ചർച്ചകൾക്കുമാണ് സമൂഹമാധ്യമങ്ങളിൽ ഇത് വഴിവെച്ചത്.

ഈ പശ്ചാത്തലത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.

‘ഇന്ത്യയിൽ രണ്ട് ദിവസത്തേക്കുള്ള പെട്രോൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. രാജ്യത്താകമാനം ഇന്ധനക്ഷാമാണ്, പെട്രോൾ പമ്പുകളിലുണ്ടായ സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. രാജ്യത്ത് രണ്ടു ദിവസത്തെ ഇന്ധന ശേഖരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് പെട്രോളിയം വകുപ്പ് മന്ത്രി ഇന്നലെ പ്രഖ്യാപിച്ചത് ഇന്ത്യയിലുടനീളം പരിഭ്രാന്തി പരത്തി” എന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇതിനൊപ്പം രണ്ട് വീഡിയോകളും നൽകിയിട്ടുണ്ട്. ആദ്യത്തേതിൽ പെട്രോൾ പമ്പിനകത്ത് വച്ച് ചിലർ ഏറ്റുമുട്ടുന്നതും രണ്ടാമത്തേതിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനെത്തി കാത്തിരിക്കുന്നവരുടെ ദൃശ്യങ്ങളുമാണ്.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

രാജ്യത്ത് രണ്ട് ദിവസത്തേക്കുള്ള പെട്രോൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്‌ പുരി പറഞ്ഞതായാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. എന്നാൽ അത്തരത്തിലൊരു പ്രസ്താവനയും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. ഊർജ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് 12-ന് അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.

ആഗോള ഊർജ്ജ വിപണികൾ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏകദേശം രണ്ട് മാസത്തെ അസംസ്കൃത എണ്ണയുടെയും എൽഎൻജിയുടെയും ശേഖരം ആണ് ഉള്ളതെന്നും വിതരണം സ്ഥിരപ്പെടുത്തുന്നതിനായി ഇന്ത്യ എൽപിജി ഉത്പാദനം പ്രതിദിനം 54,000 ടണ്ണായി ഉയർത്തുന്നതായുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതല്ലാതെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിൽ അദ്ദേഹം ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇന്ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

പ്രചരിക്കുന്ന സന്ദേശത്തിൽ, മന്ത്രി പറഞ്ഞു എന്ന വാദം തെറ്റാണെന്ന് ഉറപ്പായി. ഇനി ഇതിനൊപ്പം നൽകിയിരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ചു. പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനായി ബൈക്കുകളിൽ കാത്തിരിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ഏപ്രിൽ 22-നാണ് ആദ്യമായി പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. ജയ് കരൺ യാദവ് എന്ന അക്കൗണ്ടിൽ നിന്നായിരുന്നു ഇത്, യുപി സ്വദേശിയാണ് ഇയാൾ. വൈറൽ വീഡിയോയിൽ കാണുന്ന അതേ പെട്രോൾ പമ്പിൽ ആൾക്കാർ ഇന്ധനത്തിനായി വലിയ പാത്രങ്ങൾ ക്യൂവിൽ വച്ച് നൽക്കുന്ന വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

പോസ്റ്റിൽ നൽകിയിരിക്കുന്ന രണ്ടാമത്തെ വീഡിയോയിൽ ചിലർ പെട്രോൾ പമ്പിനകത്ത് വച്ച് ഏറ്റുമുട്ടുന്നതാണ്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഒരു പെട്രോൾ പമ്പിൽ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു ഈ സംഭവം. ഡീസൽ ലഭ്യതക്കുറവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുണ്ടായതെന്നാണ് എൻഡിടിവി ന്യൂസ് ചാനൽ റപ്പോർട്ട് ചെയ്തത്.

അതേസമയം, ഇന്ത്യയുടെ എൽപിജി കപ്പലായ 'സിമി' മെയ് 17 ഞായറാഴ്ച ഗുജറാത്തിലെ ദീൻദയാൽ തുറമുഖത്തെത്തിയിരുന്നു. ഏകദേശം 20,000 ടൺ എൽപിജിയാണ് ഈ കപ്പലിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനവേളയിൽ പ്രതിരോധം, സഹകരണം, ഊർജ്ജം, സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പുവച്ചിരുന്നു.

രാജ്യത്ത് തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം നിർമ്മിക്കുന്നതിനും ദീർഘകാല എൽപിജി, എൽഎൻജി വിതരണം ഉറപ്പാക്കുന്നതിനുമുള്ളതാണ് പുതിയ കരാറുകൾ. സുപ്രധാന മേഖലകളിൽ ഒപ്പുവെച്ച ഈ കരാറുകൾ ഇന്ത്യ-യുഎഇ തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ വേഗത നൽകുമെന്നാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്.

ഇതല്ലാതെ രാജ്യത്ത് രണ്ടു ദിവസത്തേക്കുള്ള ഇന്ധനശേഖരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് കേന്ദ്രമന്ത്രിമാർ പറഞ്ഞിട്ടില്ല. ഈ പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാറിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്.




 

Content Highlights: Minister Hardeep Singh Puri never claimed India has only 2 days of fuel reserves., India maintains sufficient crude oil and LNG reserves for approximately two months., Viral videos of petrol pump clashes are unrelated to the current national fuel situation., PIB Fact Check has officially debunked the viral social media claims., India-UAE energy agreements ensure long-term fuel supply security.