ഹിസാറിൽ സൈനികർ കൊല്ലപ്പെട്ടതിൻ്റെ ദൃശ്യങ്ങളോ ഇത്? വാസ്തവമറിയാം | Fact Check

ഹരിയാനയിലെ ഹിസാറിൽ സൈനിക പരിശീലനത്തിനിടെ ടാങ്കറിന് അടിയിൽപ്പെട്ട് രണ്ട് ഇന്ത്യൻ സൈനികർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “തർക്കത്തെ തുടർന്ന് ഇന്ത്യൻ ആർമി കമാൻഡർ രണ്ട് സൈനികരുടെ മേൽ മനഃപൂർവം ടാങ്കർ കയറ്റി കൊലപ്പെടുത്തി” എന്ന ആരോപണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
ഈ സംഭവം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ഭോജ്രാജ് ഗ്രാമത്തിന് സമീപം നടന്ന സൈനിക പരിശീലനത്തിനിടെയായിരുന്നു ശരീരത്തിലൂടെ ടാങ്കർ കയറി രണ്ട് സൈനികരും മരണപ്പെട്ടത്. ഉത്തർപ്രദേശിലെ ശാമിലി സ്വദേശിയായ നായിക് മനീഷ് കുമാർ, ബദൗൺ സ്വദേശിയായ നായിക് അങ്കുഷ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ഹിസാറിലെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പരിശീലനത്തിൽ പങ്കെടുത്ത 32 ടാങ്കറുകൾ ഒരുമിച്ച് നീങ്ങിയപ്പോൾ ഉയർന്ന കനത്ത പൊടിപടലങ്ങൾ മൂലം മിൽട്രി ടാങ്കർ ഡ്രൈവർക്ക് കാഴ്ച വ്യക്തമല്ലാതായതിനെ തുർന്നാണ് മുന്നിലുണ്ടായിരുന്ന സൈനികരുടെ മേൽ ടാങ്കർ കയറാൻ ഇടയായതെന്നാണ് അപകടത്തെക്കുറിച്ച് അന്വേഷിച്ച ഹിസാർ പോലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ പോലീസ് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ വകുപ്പ് 194 പ്രകാരം നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ വീഡിയോ മാർച്ച് 28-ന് നീഡ് ടു നോ എന്ന വെബ്സൈറ്റിൽ പങ്കുവച്ചതായി കണ്ടെത്തി. മാത്രമല്ല, മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ചില ചൈനീസ് മാധ്യമങ്ങളിലും ഇതേ വീഡിയോ അന്നേ ദിവസം പോസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഈ ദൃശ്യങ്ങൾ ചൈനയിൽ നടന്ന ഒരു സൈനിക പരിശീലനത്തിനിടെ, ചൈനീസ് ടൈപ്പ് 04A (ZBD-04A) ടാങ്കർ സ്വന്തം പടയാളികൾക്ക് നേരെ അബദ്ധത്തിൽ ഒരു സ്മോക്ക് ഗ്രനേഡ് തൊടുത്തുക്കുന്നതിൻ്റെതാണ്.
https://youtube.com/shorts/gKU9cn3gMSo?si=HUN2ZmN2aJQ9WWt_
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥീരികരിച്ചു
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ചൈനയിൽ പരിശീലനത്തിനിടെ സ്മോക്ക് ഗ്രനേഡ് പൊട്ടിയതിൻ്റെ ദൃശ്യങ്ങളാണ് ഹരിയാനയിൽ നിന്നുള്ളതിൻ്റെതെന്ന പേരിൽ പ്രചരിക്കുന്നത്.
Content Highlights: Viral video claiming an army commander intentionally ran over soldiers in Hisar is fake., The actual incident in Hisar was caused by low visibility due to dust during a training exercise, resulting in the tragic death of two soldiers., The viral video actually depicts a Chinese Type 04A armored vehicle accident from March 2026.