“മലബാറിലെ മുസ്ലീം വോട്ടുകൾ മതി യുഡിഎഫിന് അധികാരത്തിൽ എത്താൻ" എന്ന് കെപിഎ മജീദ് പറഞ്ഞോ? | Fact Check

ഗുരുവായൂർ മണ്ഡലത്തിൽ 'ഹിന്ദു എംഎൽഎ' വേണമെന്ന ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്ന ചീഫ് ഇലക്ടറൽ ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ഗുരുവായൂർ ടെമ്പിൾ പോലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ പേരിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "മലബാറിലെ മുസ്ലീം വോട്ടുകൾ മാത്രം മതി യുഡിഎഫിന് അധികാരത്തിൽ എത്താൻ" എന്ന് മജീദ് പറഞ്ഞതായാണ് ഈ പോസ്റ്ററിലെ അവകാശവാദം. ‘ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്ത പൗലോസ് കേൾക്കുന്നുണ്ടോ ആവോ..’ എന്നാണ് പോസ്റ്ററിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്നത്.
മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
https://x.com/MediumEnglish/status/2036107549607592102?s=20
അന്വേഷണം
പ്രചരിക്കുന്നത് പോലൊരു പരാമർശം കെ.പി.എ. മജീദ് നടത്തിയിരുന്നോ എന്ന് പരിശോധിച്ചെങ്കിലും അത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളൊന്നുമില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇങ്ങനെയൊരു പ്രസ്താവന കാണാൻ സാധിച്ചില്ല. മാത്രമല്ല, പ്രചരിക്കുന്ന പോസ്റ്ററിന് താഴെ വലതുവശത്തായി ഗൂഗിളിന്റെ എഐ മോഡലായ 'ജെമിനി'യുടെ ലോഗോ കാണാം. ജെമിനി ഉപയോഗിച്ച് സൃഷ്ടിക്കുന്നവയിൽ ഈ ലോഗോ ഉണ്ടാകും. ഈ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നതിൻ്റെ സൂചനയാണിത്.
ഗൂഗിളിന്‍റെ എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം 'സിന്ത് ഐഡി' ഉൾപ്പെടുത്തിയിട്ടുണ്ടാകും. എഐ ഉപയോഗിച്ച് സൃഷ്ടിച്ചവ തിരിച്ചറിയാൻ ഗൂഗിൾ ഡീപ്പ്മൈൻഡ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് സിന്ത് ഐഡി. AI ഉപയോഗിച്ച് ഒരു ചിത്രം നിർമ്മിക്കുമ്പോൾ അതിന്‍റെ പിക്സലുകൾക്കുള്ളിൽ ഈ ഐഡി ചേർക്കപ്പെടും. ജെമിനി ടൂൾ ഉപയോഗിച്ച് പരിശോധിച്ചാൽ ഇതിനകത്തെ സിന്ത് ഐഡിയുടെ സാന്നിധ്യം കണ്ടെത്താനാകും. പ്രചരിക്കുന്ന പോസ്റ്റർ ഇത്തരത്തിൽ പരിശോധിച്ചതിൽനിന്നു ഗൂഗിൾ എഐ ടൂൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി.
മാത്രമല്ല, ഈ പ്രചാരണം വ്യാജമാണെന്ന് കെ.പി.എ. മജീദും തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ പേരിൽ വർഗീയ പ്രചാരണം നടത്തുന്നതിനെതിരെ പരാതി നൽകിയതായും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ഇത്തരത്തിലൊരു പ്രസ്താവന കെ.പി.എ. മജീദ് നടത്തിയിട്ടില്ല.
Content Highlights: Investigation confirms the viral poster claiming KPA Majeed's statement is fake., The image contains a Google Gemini logo, indicating it was AI-generated., KPA Majeed officially denied the statement and filed a complaint against the misinformation., No credible media reports or official social media posts support the claim.