ഇന്ത്യൻ സൈന്യത്തിലെ വനിതാ ഓഫീസറെ സൈനികർ കൊലപ്പെടുത്തിയെന്ന പാക് പ്രചാരണം വ്യാജം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

പാക് പ്രൊപ്പഗൻറ ഹാൻഡിലുകൾ വീണ്ടും വ്യാജ പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ സമയത്ത്, ഇന്ത്യൻ എയർഫോഴ്സിലെ ആദ്യ വനിതാ റഫാൽ പയലറ്റായ സ്‌ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനെയും കരസേന ഓഫീസർ കേണൽ സോഫിയ ഖുറേഷിയെയും അവർ ലക്ഷ്യമിട്ടെങ്കിൽ ഇപ്പോൾ ഇരയാക്കിയിരിക്കുന്നത് ക്യാപ്റ്റൻ ശിൽപി ഗാർഗ്മുഖിനെയാണ്. ശിൽപിയെ സൈനികർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രൊപ്പഗൻറ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ് എന്നതാണ് യാഥാർത്ഥ്യം.

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്- “ ക്യാപ്റ്റൻ ശിൽപി ഗാർഗ്മുഖ് കഴിഞ്ഞ 6 മാസമായി ലഡാക്കിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരു രാത്രിയിൽ അവരുടെ കമാൻഡിംഗ് ഓഫീസർ അടിയന്തരമായി വിളിപ്പിച്ചു, ഒരു കൂട്ടം ഇന്ത്യൻ സൈനികർ ചേർന്ന് അവരെ കൂട്ടബലാത്സംഗം ചെയ്തതു, അവരെ സ്വന്തം കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ”

എക്സ് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

മൂന്ന് ചിത്രങ്ങളാണ് പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഇതിൽ മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ ക്യാപ്റ്റൻ ശിൽപിയുടേത് തന്നെയാണ്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറാണിവർ. 2016-ൽ ഒഎൻജിസിയിൽ (ONGC) ഓഫീസറായിരിക്കെയായിരുന്നു ചരിത്രം കുറിച്ചുകൊണ്ട് അവർ ഈ നേട്ടം കൈവരിച്ചത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിന്‍റെ സ്ക്രീൻഷോട്ട്
ഒഎൻജിസി സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ട്
എസ്എസ്ബി ക്രാക്ക് ഫേസ്ബുക്ക് പേജിൽ നിന്നുള്ള സ്ക്രീൻഷോട്ട്

മുകളിൽ നൽകിയിരിക്കുന്ന ശിൽപിയുടെ ചിത്രങ്ങൾ തന്നെയാണ് പ്രചരിക്കുന്ന പോസ്റ്റിലും ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. അടുത്തതായി പരിശോധിച്ചത് പോസ്റ്റിലെ മൂന്നാമത്തെ ചിത്രത്തെക്കുറിച്ചാണ്. കറുത്ത വസ്ത്രം ധരിച്ച് നിലത്ത് വീണുകിടക്കുന്നൊരു യുവതിയുടെ ചിത്രമാണ് മൃതദേഹത്തിന്റേതെന്ന തരത്തിൽ വൈറൽ പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ യാഥാർത്ഥ്യം പരിശോധിച്ചു, റിവേഴ്സ് ഇമേജ് ചെയ്തതിൽനിന്നു ചിത്രം ഇന്റർനെറ്റിൽ ലഭ്യമായ സ്റ്റോക്ക് ഫോട്ടോ മാത്രമാണെന്നു കണ്ടെത്തി. ഈ പ്രചാരണം വ്യാജമാണെന്ന് ഇന്ത്യൻ ആർമിയും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Viral social media claims alleging the rape and murder of Captain Shilpi Gargmukh are completely false., The images used in the propaganda posts are recycled from public records and unrelated stock photography., The Indian Army has officially refuted these malicious claims., Captain Shilpi Gargmukh is the first woman officer commissioned into the Indian Territorial Army.