അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ ദൃശ്യങ്ങളോ ഇത്? | Fact Check

2026 ജനുവരി 28-ന് മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ചാർട്ടേഡ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിലായിരുന്നു, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടത്. ലിയർജെറ്റ് 45 എക്‌സ്ആർ (Learjet 45XR) എന്ന വിമാനം ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഒരു ചെറുവിമാനം റൺവേയിൽ തകർന്നുവീഴുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനപകടത്തിന്റെ ദൃശ്യങ്ങളാണിത് എന്നാണ് പ്രചരിക്കുന്ന വീഡിയോക്കൊപ്പമുള്ള വിവരണം.
എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മഹാരാഷ്ട്രയിൽ നിന്നുള്ളതല്ല എന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്‌ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
www.facebook.com/reel/3503451786500070
അന്വേഷണം
ലാൻഡിങ്ങിനിടെയാണ് അജിത് പവാർ സഞ്ചരിച്ച ലിയർജെറ്റ് 45 എക്‌സ്ആർ അപകടത്തിൽപ്പെട്ടത്, എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെടുന്നത്. മാത്രമല്ല, അപകടവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിലൊന്നും പ്രചരിക്കുന്ന ഈ വീഡിയോ ഉൾപ്പെട്ടിട്ടുമില്ല.
x.com/PTI_News/status/2016419395019604118?s=20
തുടർന്ന് വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഇതേ ദൃശ്യങ്ങളടങ്ങിയ ഒരു എക്‌സ് പോസ്റ്റ് കണ്ടെത്തി. 2025 ഒക്ടോബർ 23-ന് അന്തർദേശീയ മാധ്യമമായ അൽജെസീറയുടെ ഔദ്യാേഗിക എക്‌സ് പേജിൽ പങ്കുവച്ച റിപ്പോർട്ടാണിത്. വെനസ്വേലയിലെ പാരാമില്ലോ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം തകർന്നു വീണ് രണ്ട് പേർ മരിച്ചു എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. വെനസ്വേലയിൽ നടന്ന ഈ വിമാനപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ പരിശോധിച്ചു. 2025 ഒക്ടോബർ 22ന്, പൈപ്പർ PA-31T1 ഷെയാൻ (Piper PA-31T1 Cheyenne) എന്ന വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പ്രചരിക്കുന്ന വീഡിയോ വെനസ്വേലയിൽ നിന്നുള്ളതാണെന്നും ബാരാമതി വിമാനാപകടവുമായി ഇതിന് ബന്ധമില്ലെന്നും ഉറപ്പായി.
Video captures the moment an aircraft crashed to the ground shortly after takeoff from Venezuela’s Paramillo Airport, killing two people. pic.twitter.com/hf8RoLpnxc
— Al Jazeera English (@AJEnglish) October 23, 2025
www.themirror.com/news/world-news/plane-crashes-runway-ball-flames-1461292
അജിത് പവാറിന്റെ വിമാനപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ തീർത്തും വ്യാജമാണെന്ന് മഹാരാഷ്ട്ര സർക്കാറിന്റെ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പും ഔദ്യോഗിക എക്‌സ് ഹാന്റിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
x.com/MahaDGIPR/status/2016896368674296233?s=20
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. 2025 ഒക്ടോബറിൽ വെനസ്വേലയിൽ നടന്ന വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണ് അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെത് എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Fact check reveals video of Venezuela plane crash is falsely linked to Ajit Pawar`s accident. Learn the truth.