എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം റദ്ദാക്കിയെന്ന പ്രഖ്യാപനം വ്യാജം | Fact Check

രാജ്യം ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം ആദ്യം കുറക്കണമെന്ന ചർച്ചകൾക്ക് സമൂഹമാധ്യമങ്ങളിൽ ഇത് വഴിവെച്ചു. ഇതിന് പിറകെ തന്‍റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയാക്കാൻ പ്രധാനമന്ത്രി നിർദേശിക്കുകയും ചെയ്തു. ഇന്ധന പ്രതിസന്ധിയുടെ വ്യാപ്തിയും ജനജീവിതത്തെ ഇത് ഏതൊക്കെ തരത്തിൽ ബാധിച്ചേക്കാം എന്നൊക്കെയുളള ചർച്ചകളും പലതരം പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ട്. ഇതിനിടെ, ഇന്ധന ലഭ്യതക്കുറവിനെത്തുടർന്ന് എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം ജൂലൈ വരെ റദ്ദാക്കി എന്ന വാദത്തോടെ ഒരു സന്ദേശം എക്സിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി.
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.
നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ വർധനയെ തുടർന്ന് എയർ ഇന്ത്യ അന്താരഷ്ട്ര വിമാന സർവ്വീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ സർവ്വീസുകൾ പൂർണമായി റദ്ദാക്കി എന്ന പ്രചാരണം തെറ്റാണ്. ഡൽഹിയിൽ നിന്ന് സിംഗപ്പൂർ, ഷിക്കാഗോ, ഷാങ്ഹായ്, നെവാർക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചതായും സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്‌ട്ര സർവ്വീസുകൾ പൂർണമായി റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എയർ ഇന്ത്യ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
#FakeNews Alert: Malicious and fabricated claims circulating on certain platforms alleging that Air India has cancelled all international flights are completely false and baseless.
For accurate information, please rely only on official Air India channels. pic.twitter.com/GqjjPfWeeI— Air India Newsroom (@AirIndia_News) May 12, 2026
Content Highlights: Clarification that Air India has not fully canceled international services., Confirmation that only specific routes were suspended or reduced due to fuel costs., Official rebuttal from Air India's verified social media channels., Advisory to rely only on official airline communication for travel updates.