ബി.എസ്.എഫ് ജവാനെ ബംഗ്ലാദേശ് സേന പിടികൂടിയ ദൃശ്യങ്ങളോ ഇത്?

#ഫാക്ട് ചെക്ക് ഡെസ്ക്ക്

2026 നവംബർ 17-ന് പട്രോളിംഗ് നടത്തുന്നതിനിടെ ഒരു ബി.എസ്.എഫ് (അതിർത്തി സുരക്ഷാ സേന) ജവാൻ അബദ്ധത്തിൽ അതിർത്തി കടന്ന് ബംഗ്ലാദേശിലെ സിൽഹെറ്റ് ജില്ലയിലുള്ള ബിചാനാകണ്ഡി പ്രദേശത്തേക്ക് എത്തിപ്പെട്ടിരുന്നു. തുടർന്ന് ബി.ജി.ബി (ബംഗ്ലാദേശ് അതിർത്തി രക്ഷാസേന) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെങ്കിലും അന്ന് വൈകുന്നേരത്തോടെ തന്നെ സുരക്ഷിതമായി വിട്ടയച്ചു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ജവാനെ മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥർ ചേർന്ന് വലിച്ചിഴച്ച് കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ഈ ദൃശ്യങ്ങൾ 2025 മുതൽ ഇന്റർനെറ്റിൽ ലഭ്യമാണെന്ന് കണ്ടു.

ബംഗ്ലാദേശ് ഓൺലൈൻ മാധ്യമമായ AMADERSHOMOY.COM ഇതേ ചിത്രം ഉൾപ്പെടുത്തി 2025 ഏപ്രിൽ 29-ന് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘അതിർത്തി കടന്ന് ബംഗ്ലാദേശ് കർഷകരെ പിടികൂടാൻ ശ്രമിച്ച ആയുധധാരികളായ രണ്ട് ഇന്ത്യൻ ബി.എസ്.എഫ് ജവാന്മാരെ നാട്ടുകാരും ബി.ജി.ബി അംഗങ്ങളും ചേർന്ന് പിടികൂടി’ എന്നാണ് വാർത്തയിൽ പറയുന്നത്. ബി.ജി.ബി ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ ഇരുവരും മാപ്പ് പറയുകയും തുടർന്ന് നടപടിക്രമങ്ങൾ പാലിച്ച് ഇവരെ ബി.എസ്.എഫ് അധികൃതർക്ക് കൈമാറുകയും ചെയ്തതതായും റിപ്പോർട്ടിലുണ്ട്. ബംഗ്ലാദേശി വാർത്താ മാധ്യമമായ 'Centrist Nation TV'യും ഈ ദൃശ്യങ്ങൾ അതേ തീയതിയിൽ തന്നെഎക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ നിന്നും, പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തേതല്ലെന്ന് സ്ഥിരീകരിക്കാനായി.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ 2025 മുതൽ ഇൻർനെറ്റിൽ ലഭ്യമാണ്.

Content Highlights: A viral video claims to show a BSF jawan detained in November 2026., Reverse image search proves the video has been online since April 2025., The 2025 incident involved two armed BSF jawans caught by locals and BGB., Mathrubhumi Fact Check confirms the current social media claim is completely fake.