'കേരളത്തിലെ അരിപ്പ പാലം', ഈ പ്രചാരണം വ്യാജം | Fact Check

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ നിരവധി പാലങ്ങളാണ് ബിഹാറിൽ തകർന്നുവീണത്. ഇത് സംബന്ധിച്ച വാർത്തകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട് . ഇതിനിടെ കേരളത്തിലെ പാലത്തിന്റേതെന്ന വാദത്തോടെ, കോൺക്രീറ്റ് പാളികൾ അടർന്ന് തകർച്ചയുടെ വക്കിലെത്തിയ ഒരു പാലത്തിന്റെ ചിത്രവും ഇറങ്ങി. ''ഇതാണ് അരിപ്പ പാലം, കേരളത്തിലെ ഈ സാങ്കേതിക വിദ്യക്ക് എത്രലൈക്ക്'' എന്നൊരു തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്.
എന്നാൽ ഈ ചിത്രം കേരളത്തിൽ നിന്നുള്ളതല്ല എന്നതാണ് യാഥാർഥ്യം. വിശദാംശങ്ങൾ ചുവടെ.
അന്വേഷണം
പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രമായ കലേർകന്ദോ, ബിടിസി ന്യൂസ് എന്നിവയുടെ സൈറ്റിൽ ഇതേ പാലത്തിന്റെ ചിത്രം ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
രണ്ട് മാധ്യമങ്ങളും നൽകിയിരിക്കുന്ന ഇതേ പാലത്തിൽനിന്നുള്ള ഒരേ ചിത്രമാണ്. തെക്കൻ ബംഗ്ലാദേശിലെ ബർഗുന ജില്ലയുടെ അംതലി ഉപജില്ലയിലുള്ള തേപുര എന്ന ഗ്രാമത്തിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്.
വാർത്തകൾ അനുസരിച്ച്, അംതലി ഉപജില്ലയിൽ 26 പാലങ്ങൾ അപകടാവസ്ഥയിലാണെന്ന് അവിടുത്തെ എഞ്ചിനീയറിങ്ങ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ജൂൺ 22-ന് ഒരു ബസ്സ് പാലത്തിൽ നിന്ന് കനാലിലേക്ക് വീണ് 9 പേരുടെ മരിണത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികൃതർ പാലങ്ങളുടെ സുരക്ഷാ പിരശോധന നടത്തിയത് എന്നാണ് വാർത്തയിൽ പറയുന്നത്.
സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ പാലങ്ങളിൽ വലിയവാഹനങ്ങൾ സഞ്ചരിക്കുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചതിനെക്കുറിച്ചും വാർത്തയിൽ പറയുന്നുണ്ട്. അറ്റകുറ്റപണികൾ പോലും സാധ്യമല്ലാത്തവിധം തകർന്ന പാലങ്ങളിലൂടെ ജീവൻ പണയപ്പെടുത്തിയാണ് ഗ്രാമവാസികൾ സഞ്ചരിക്കുന്നതെന്നും റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നു. മാത്രമല്ല, ബംഗ്ലാദേശിലെ ധാക്കയിലുള്ള ദേസി ബൈക്കർ എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലും ഇതേ ചിത്രം പങ്കുവച്ചതായി കണ്ടു. ഇക്കഴിഞ്ഞ ജൂൺ 24-ന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് പലരും കമൻറ് ചെയ്തിട്ടുണ്ട്.
വാസ്തവം
ബംഗ്ലാദേശിലെ ബർഗുന ജില്ലയിലെ അംതാലിയിലുള്ള തേപുര ഗ്രാമത്തിലെ പാലത്തിന്റെ ചിത്രമാണ് കേരളത്തിലേതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Claiming that it belongs to the bridge in Kerala, on the verge of collapse has also surfaced