അക്രമിയെ പിടികൂടിയ ശേഷം ഫ്ലൈ ദുബായ് ഫ്ലൈറ്റിൽ നടന്ന ആഘോഷ ദൃശ്യങ്ങളോ ഇത്

#ഫാക്ട് ചെക്ക് ഡെസ്ക്

ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലെ കോ-പൈലറ്റ് ക്യാപ്റ്റനുമായി കലഹിക്കുകയും അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അക്രമത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചെങ്കിലും, പരിക്കുകളോടെ തന്നെ ക്യാപ്റ്റൻ സ്മിത് മച്ഛാറും വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തി വിമാനത്തിന്റെ കൺട്രോൾ വീണ്ടെടുക്കുകയും ചെയ്തു.

ഈ സംഭവവുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫ്ലൈ ദുബായ് ഫ്ലൈറ്റ് FZ1073 വിമാനത്തിന് അകത്ത് നിന്നുള്ള ദൃശ്യങ്ങൾ എന്ന തരത്തിലാണിത്. ഫ്ലൈറ്റിന്‍റെ കോക്പിറ്റിൽ അക്രമണം നടത്തിയയാളെ കീഴ്‌‍പ്പെടുത്തിയ ശേഷം ഇസ്രയേലികളായ യാത്രക്കാർ പാട്ടും ചുവടുകളുമായി ആഘോഷമാക്കി എന്ന തരത്തിലാണിത്. എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഫ്ലൈ ദുബായ് ഫ്ലൈറ്റിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കടുത്ത ചൂടുകാരണമെന്നോണം യാത്രക്കാരിൽ പലരും സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് നിന്ന് വിശറികളും ഇലക്ട്രിക് ഹാൻറ് ഫാനുകളും ഉപയോഗിക്കുന്നതിനിടയിലൂടെ ഒരു യുവാവ് പാർട്ടി സ്പീക്കറുമായി ചുവട് വച്ച് വരുന്നതാണ് ദൃശ്യങ്ങളിൽ. വൈറൽ വീഡിയോയിൽ നിന്നും കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽ നിന്നും ഇതേ വീഡിയോ 2026 ജൂലൈ 5ന് എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. @Yanir_Roiter എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഈ ദൃശ്യങ്ങൾ ഫ്ലൈദുബായ് ഫ്ലൈറ്റിൽ നിന്നുള്ളതാണെന്ന് കരുതി ഒട്ടേറെപ്പെർ ഇത് ലൈക്ക് ചെയ്യുന്നു’ എന്ന് കളിയാക്കിക്കൊണ്ട് യാനിർ വീഡിയോ റീ പോസ്റ്റും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങളൊന്നും പോസ്റ്റിൽ നൽകിയിട്ടില്ല.

വിശദമായ അന്വേഷണത്തിൽ ഇതേ വീഡിയോ 2025 ഓഗസ്റ്റിൽ ഫേസ്ബുക്കിൽ പങ്കുവച്ചതായി കണ്ടു. വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത് - “ ഒരു വിമാനം വിദേശത്ത് നിന്ന് ഇസ്രായേലിലേക്ക് തിരിച്ചുപോകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ ഇസ്രായേലികളും നാട്ടിലേക്ക് മടങ്ങുന്ന ആവേശത്തിലായിരുന്നു. ഇസ്രായേലി പ്രൊഫഷണൽ ബാസ്കറ്റ്ബോൾ താരം യാം മദറും വിമാനത്തിലുണ്ടായിരുന്നു. ഇസ്രായേലിലേക്കുള്ള അവരുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകി” എന്നാണ്. ഫ്ലൈ ദുബായ് ഫ്ലൈറ്റ് സംഭവം നടക്കുന്നത് സെപ്തംബർ 30നാണ്, പ്രചരിക്കുന്ന വീഡിയോയാകട്ടെ 2025 ഓഗസ്റ്റ് മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറൽ ദൃശ്യങ്ങൾ ഫ്ലൈ ദുബായി ഫ്ലൈറ്റിൽ നിന്നുള്ളതല്ലെന്നും പ്രചാരണം വ്യാജമാണെന്നും ഇതിൽ നിന്നും സ്ഥിരീകരിക്കാം.

 
 

Content Highlights: A viral video claims to show Israeli passengers celebrating after subduing an attacker on a Flydubai flight to Tel Aviv., Fact check reveals the video is actually from August 2025 showing passengers returning to Israel with basketball player Yam Madar., The Flydubai cockpit incident occurred on September 30, proving the viral video is unrelated and the claim is false.