സിജെപി നേതാക്കളെ ചോദ്യം ചെയ്യുന്ന ജെൻ സി പെൺകുട്ടി റിയൽ അല്ല! | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് രാജ്യതലസ്ഥാനം. തെരുവിൽ ഉയരുന്ന പ്രതിഷേധസ്വരങ്ങളെ അടിച്ചമർത്താൻ പോലീസും സുരക്ഷാ സേനയും ശ്രമിക്കുമ്പോൾ ഓൺലൈനിൽ വ്യാജപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് വലതുപക്ഷ ഹാൻറിലുകൾ. അത്തരത്തിൽ വൈറലായ ഒരു വീഡിയോയുടെ വസ്തുതയാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

‘ജെൻസി പെൺകുട്ടി സത്യങ്ങൾ നിരത്തി സിജെപിയെ തകർത്തുകളഞ്ഞു’ എന്ന കുറിപ്പോടെ പങ്കിട്ട ഈ വീഡിയോ രണ്ടര ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. വീഡിയോയിൽ, പെൺകുട്ടി ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സിജെപി പ്രക്ഷോഭങ്ങളെക്കുറിച്ച് പരിഹസിച്ച് സംസാരിക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം പ്രതിഷേധക്കാർ കോടതിയിൽ തെളിവ് നൽകണമെന്ന് അവർ വെല്ലുവിളിക്കുന്നുമുണ്ട്. ഒട്ടേറെ വലതുപക്ഷ ഹാൻറിലുകളാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദൃശ്യങ്ങൾ സൂക്ഷമായി പരിശോധിച്ചാൽ അവർ സംസാരിക്കുന്ന പല ഭാഗങ്ങളിലും ലിപ്‌സിംഗ് ഇല്ലെന്ന് കാണാം. അതായത് കേൾക്കുന്ന സംഭാഷണത്തിന് അനുസരിച്ചല്ല പെൺകുട്ടിയുടെ ചുണ്ടുകൾ ചലിക്കുന്നത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന വീഡിയോകളിൽ സാധാരണയായി കാണാറുള്ള അപാകതയാണിത്. മാത്രമല്ല, കുട്ടിയുടെ മുഖഭാവങ്ങൾക്കും ചിലയിടങ്ങളിൽ അസാധാരണത്വമുണ്ട്.

വീഡിയോയിൽ @sifatsangh എന്ന വാട്ടർമാർക്ക് കാണാം. ഈ ഇൻസ്റ്റ അക്കൗണ്ട് കണ്ടെത്തി പരിശോധിച്ചു. കഴിഞ്ഞ ഒക്ടോബർ 7-ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2026 സെപ്തംബറിൽ ആരംഭിച്ച ഈ അക്കൗണ്ടിൽ പതിനയ്യായിരത്തിലധികം ഫോളേവേഴ്സ് ഉണ്ട്. ബയോയിൽ മോഡൽ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, എന്നാൽ, ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും തമ്മിൽ താരതമ്യം ചെയ്തപ്പോൾ മുഖത്തിന് കാര്യമായ വ്യത്യാസങ്ങൾ ഉള്ളതായി തോന്നി. തുടർന്ന് വൈറൽ വീഡിയോ എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. ദൃശ്യങ്ങൾ 99 ശതമാനവും എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. സിജെപി നേതാക്കളെ ജെൻസി പെൺകുട്ടി ചോദ്യം ചെയ്യുന്നു എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് എഐ ദൃശ്യങ്ങളാണ് എന്ന് വ്യക്തമായി.

Sifatsangh എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ താരതമ്യം ചെയ്തത്
എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലത്തിന്‍റെ സ്ക്രീൻഷോട്ട്

Content Highlights: A viral video claims a Gen Z girl is questioning CJP leaders regarding protests against Chief Election Commissioner Gyanesh Kumar., Detailed visual inspection revealed lip-syncing errors and unnatural facial expressions characteristic of AI-generated content., AI detection tools confirmed that the viral video is 99 percent artificial and manipulated.