ഡൽഹി പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പിൽ 13 മരണമെന്ന പ്രചാരണം വ്യാജം | Fact Check

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി, യുവജന സംഘടനകളും പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രക്ഷോഭവും സുരക്ഷാ സേനയെ ഇറക്കി ഇതിനെ നേരിടാനുള്ള കേന്ദ്ര നീക്കവും രാജ്യ തലസ്ഥാനത്തെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ഇതിനിടെ, പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പുണ്ടായി എന്ന വാദത്തോടെ ഒരു വീഡിയോ എക്സിലും ഇൻസ്റ്റഗ്രാമിലും പ്രചരിക്കാൻ തുടങ്ങി. വെടിവെപ്പിൽ 13 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പോസ്റ്റിൽ പറയുന്നത്.
പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധമില്ല എന്നതാണ് യാഥാർത്ഥ്യം.
വെടിശബ്ദവും പുകയും ആൾക്കാർ കൂട്ടത്തോടെ റോഡിലൂടെ ഓടി മാറുന്നതുമാണ് വൈറൽ ദൃശ്യങ്ങളിൽ. കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഒക്ടോബർ 10-നായിരുന്നു പോലീസ് വെടിപ്പ് നടന്നതെന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്.
പോലീസ് സമരക്കാരെ അതിക്രൂരമായാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഒക്ടോബർ 10-നോ തുടർന്നുള്ള ദിവസങ്ങളിലോ വെടവെപ്പ് ഉണ്ടായിട്ടില്ല. മാത്രമല്ല, വിദ്യാർത്ഥി യുവജന സംഘടനകളും പ്രതിപക്ഷ പാർട്ടികളും സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. അതിന് അവസരം നൽകാതെ സമരക്കാരെ പിടികൂടുകയെന്ന പോലീസ് നടപടി സമരഭൂമിയെ സംഘർഷഭരിതമാക്കുന്നുണ്ട്.
വൈറൽ സന്ദേശത്തിൽ ആരോപിക്കുന്നതുപോലെ വെടിവെപ്പ് നടന്നിട്ടില്ല എന്ന് വ്യക്തമായി. ഈ ദൃശ്യങ്ങളുടെ യാഥാർത്ഥ്യമാണ് തുടർന്ന് പരിശോധിച്ചത്. വൈറൽ വീഡിയോയിൽ വാർത്താ ഏജൻസിയായ പിടിഐയുടെ ലോഗോ കാണാം. ഇതിൽനിന്നു കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്ത് അന്വേഷിച്ചു.
2024 ഫെബ്രുവരി 21-ന് പിടിഐ എക്സിൽ പങ്കുവച്ച വീഡിയോ കണ്ടെത്തി. കേന്ദ്ര സർക്കാറിന്‍റെ വിവാദ കാർഷിക നയങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡൽഹി ചലോ മാർച്ചുമായി ബന്ധപ്പെട്ടതാണ് ഈ ദൃശ്യങ്ങൾ.
വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം- “ കർഷകരുടെ 'ഡൽഹി ചലോ' മാർച്ച്: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് മുന്നേറാൻ ശ്രമിച്ച സമരക്കാരായ കർഷകർക്കുനേരെ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു.” എന്നാണ്. ഇതിൽനിന്നു പ്രചാരണം പൂർണമായും വ്യാജമാണെന്ന് സ്ഥിരീകരക്കാം.
VIDEO | Farmers' 'Delhi Chalo' march: Security forces fire tear gas shells as agitating farmers try to proceed to Delhi from Punjab-Haryana #ShambhuBorder.#FarmersProtest
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/hJCbowtYmi— Press Trust of India (@PTI_News) February 21, 2024
ഈ പ്രചാരണം വ്യാജമാണെന്ന് ഡൽഹി പോലീസും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്.
FAKE VIDEO ALERT
This video is not related to Delhi. The claim that Delhi Police fired at protesters is completely false. Citizens are advised not to believe or circulate such misleading content. The same attracts legal action on those spreading such malicious content.… pic.twitter.com/ZwepqIMvTV— Delhi Police (@DelhiPolice) October 10, 2026
Content Highlights: The viral claims alleging 13 deaths and 33 injuries from police firing during the Delhi protests are completely false, as the circulated video actually depicts security forces using tear gas during earlier farmer marches in February 2024. While ongoing demonstrations have created high tension, Delhi Police confirmed no such shooting occurred and warned of strict legal action against the spread of misinformation.