ലോക ഹൃദയദിനം: ബോധവത്കരണ പരിപാടി നടത്തി

കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി നടന്നു. ലിസി കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസും എറണാകുളത്തെ ലിസി ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ബാലകൃഷ്ണ പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുന്ന ഘടകങ്ങളും പ്രതിരോധവും സംബന്ധിച്ച് ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ക്ലിനിക്കല്‍ റിസര്‍ച്ച് ഡയറക്ടറുമായ ഡോ.ജാബിര്‍ അബ്ദുള്ളക്കുട്ടി സംസാരിച്ചു.
രക്തസമ്മര്‍ദ്ദം, ഗ്ലൂക്കോസ് എന്നിവയ്ക്ക് പതിവ് പരിശോധനകള്‍ നടത്തുന്നതിനൊപ്പം മാനസിക പിരിമുറുക്കം, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണം എന്നിവ നിയന്ത്രിക്കുന്നതും നിര്‍ണായകമാണ്. ജീവിതശൈലിയില്‍ അടിയന്തര മാറ്റങ്ങള്‍ ഇതിന് ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണവും നല്ല വ്യായമവും ശീലമാക്കണം.
ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാവുന്നതിന് ജനങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായ ബോധവത്കരണ പരിപാടികള്‍ ആവശ്യമാണെന്ന് ലിസി കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിലെ പ്രിന്‍സിപ്പല്‍ ഡോ.ഷബീര്‍ എസ് ഇഖ്ബാല്‍ പറഞ്ഞു. ഹൃദ്രോഗ അപകടസാധ്യത കൂടിയവരെ തിരിച്ചറിയുന്നതിന് റിസ്‌ക് സ്ട്രാറ്റിഫിക്കേഷന്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിറ്റ്‌നസ് ട്രെയ്‌നര്‍ ടെന്നി ദേവസ്സി, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ് നടന്നു. ആശുപത്രി അധികൃതരും പാരാമെഡിക്കല്‍ വിദ്യാര്‍ഥികളും ബോധവത്കരണ പരിപാടിയില്‍ പങ്കാളികളായി.
Content Highlights: world heart day programme