സൊസൈറ്റി ഓഫ് പെട്രോളിയം ജിയോഫിസിസ്റ്റ് പതിനാലാമത് ദ്വിവാർഷിക സമ്മേളനവും എക്‌സ്‌പോയും

Society of Petroleum Geophysicists
Society of Petroleum Geophysicists

കൊച്ചി :  പ്രെട്രോളിയം മേഖലയിൽ പ്രശസ്തരായ ജിയോ സയന്റിസ്റ്റുകളുടെയും എഞ്ചിനീയർമാരുടെയും സംഘടനയായ സൊസൈറ്റി ഓഫ് പെട്രോളിയം ജിയോഫിസിസ്റ്റുകളുടെ (എസ്.പി.ജി.) പതിനാലാമത് ദ്വിവാർഷിക സമ്മേളനവും  എക്‌സ്‌പോയും നവംബർ 3 മുതൽ 5 വരെ കൊച്ചിയിൽ ‘ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. 

ഒ.എൻ.ജി.സി  ഡയറക്ടർ (എക്സ്പ്ലോറേഷൻ )   ശ്രീമതി.സുഷമ റാവത്ത് സമ്മേളനം  ഉദ്ഘാടനം ചെയ്യും. ഒഎൻജിസി വിദേശ് ലിമിറ്റഡ് (ഒ.വി.എൽ) ശ്രീ. രാജർഷി ഗുപ്ത, ഒഎൻജിസി എക്സിക്യൂട്ടീവ് ഡയറക്ടറും എസ്പിജി-ഇന്ത്യ പ്രസിഡന്റുമായ ശ്രീ. വിശാൽ ശാസ്ത്രി, യൂറോപ്യൻ അസോസിയേഷൻ ഓഫ് ജിയോ സയന്റിസ്റ്റ്സ് & എഞ്ചിനീയേഴ്സ് (നെതർലാൻഡ്സ് ) സി.ഇ.ഒ.  ശ്രീ മാർസൽ റോബർട്ട് വാൻ ലൂൺ, യു.എസ്. സൊസൈറ്റി ഓഫ് എക്സ്പ്ലോറേഷൻ ജിയോഫിസിസ്റ്റ്സ് ഡയറക്ടർ ശ്രീ കോൺസ്റ്റന്റൈൻ സിംഗാസ്, എന്നിവർ  സംസാരിക്കും.

ഊർജ്ജ ചെലവ്,  വിശ്വാസ്യത, പാരിസ്ഥിതിക സുസ്ഥിരത എന്നിവ സന്തുലിതമാക്കിയുള്ള പ്രവർത്തനം  സങ്കീർണ്ണമായ വെല്ലുവിളിയാണ്. എതിർ ദിശകളിലേക്ക് വലിക്കുന്ന ഈ ഉർജ്ജ ത്രികോണത്തെ  ആധുനിക ജിയോ സയൻസ് വഴി കൃത്യതയോടെ വികസിപ്പിക്കുകയാണ് സമ്മേളന ലക്ഷ്യം.  

ഊർജ സുസ്ഥിരതയിലേക്കുള്ള ഇന്ത്യയുടെ യാത്ര ഇന്ന് സുപ്രധാന വഴിത്തിരിവിലാണ്.  ജനസംഖ്യയും  ആവശ്യങ്ങളും വർദ്ധിച്ചുവരികയാണ്.  ആഗോള ഊർജ്ജ ഭൂപടത്തിൽ നിർണായക സ്ഥാനമാണ് ഇന്ത്യക്കുള്ളത്.  "ന്യൂ ഏജ് ജിയോസയൻസസ്: എ ഫൾക്രം ഫോർ എനർജി ട്രൈലെമ്മ" എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന്   സുഷമ റാവത്ത് പറഞ്ഞു,

അന്താരാഷ്ട്ര തലത്തിൽ ആഴത്തിലുള്ള ചർച്ചകൾക്കും സഹകരണത്തിനും , പരിഹാരങ്ങൾക്കും പര്യവേക്ഷണ സാങ്കേതിക വിദ്യാ അറിവുകൾ പങ്കിടുന്നതിനുമുള്ള  വേദിയായിരിക്കുമിതെന്ന്  ഒവിഎൽ എം.ഡി രാജർഷി ഗുപ്ത പറഞ്ഞു. 

ലോകമെമ്പാടുമുള്ള ജിയോ സയന്റിസ്റ്റുകളും, ഗവേഷകരും അക്കാദമിക് വിദഗ്ധരും പ്രൊഫഷണലുകളും സമ്മേളനത്തിൽ പങ്കെടുക്കും.  

24 സുപ്രധാന സാങ്കേതിക സെഷനുകളാണ് സമ്മേളനം അവതരിപ്പിക്കുന്നത്.  പ്രശസ്തരായ ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ  പത്തൊൻപത് കോഴ്സുകൾ പ്രീ കോൺഫറൻസ് പ്രോഗ്രാമായി നടക്കും.  

ഇൻഡസ്ട്രി മീറ്റിന് പുറമെ രാജ്യാന്തര എക്‌സ്‌പ്ലോറേഷൻ ആൻഡ് പ്രൊഡക്ഷൻ (ഇ ആൻഡ് പി) കമ്പനികളും, വ്യവസായികളും  അത്യാധുനിക സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന എക്‌സ്‌പോയും മൂന്ന് ദിവസങ്ങളിലായി നടക്കും. 

പങ്കെടുക്കുന്നവർക്ക് തെക്കൻ കേരളത്തിലെ തീരദേശങ്ങളിൽ  ജിയോളജിക്കൽ ഫീൽഡ് ട്രിപ്പ്,  വിദ്യാർത്ഥികൾക്കായി പുതിയ പ്രതിഭകളെ ജിയോസയൻസിലേക്ക് ആകർഷിക്കുന്നതിനുള്ള സാങ്കേതിക പരിപാടികൾ, തുടങ്ങിയവയും സമ്മേളനത്തിന്റ ആകർഷണങ്ങളാണ്. 

ജിയോ സയന്റിസ്റ്റുകൾ, വ്യവസായ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ  എന്നിവർക്ക്  www.sogindia.org ൽ നേരിട്ട്  റെജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്  +91 1352752088 spgoffice@spgindia.org

Content Highlights: Society of Petroleum Geophysicists 14th Biennial International Conference