ശ്രീമൂലനഗരത്ത് ജാതിക്കർഷകർക്കായി പഠനക്ലാസ്

ജാതിക്കര്‍ഷകര്‍ക്കായുള്ള പഠനക്ലാസില്‍ മണ്ണുത്തി അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ശാസ്ത്രജ്ഞ മിനി എബ്രഹാം ക്‌ളാസെടുക്കുന്നു
ജാതിക്കര്‍ഷകര്‍ക്കായുള്ള പഠനക്ലാസില്‍ മണ്ണുത്തി അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ശാസ്ത്രജ്ഞ മിനി എബ്രഹാം ക്‌ളാസെടുക്കുന്നു

ശ്രീമൂലനഗരം: ജാതിക്കൃഷിയിൽ നേരിടുന്ന രോഗപ്രശ്‌നങ്ങൾക്കും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കും ശാസ്ത്രീയ പരിഹാരമാർഗങ്ങൾ പരിചയപ്പെടുത്തുന്നതിനായി ശ്രീമൂലനഗരം കൃഷിഭവനും ആത്മ നെടുമ്പാശ്ശേരി ബ്ലോക്കും ചേർന്ന് പഠനക്ലാസ് സംഘടിപ്പിച്ചു.

നൂറിലധികം ജാതിക്കർഷകർ പങ്കെടുത്തു. 'ജാതിക്കൃഷിയിൽ ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളത്തിന്റെ പ്രയോഗവും രോഗപ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിലായിരുന്നു പരിശീലനം. ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവിസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി.കെ. സിറാജ് അധ്യക്ഷനായി. ശ്രീമൂലനഗരം കൃഷി ഓഫീസർ എം.വി. നവ്യ മുഖ്യപ്രഭാഷണം നടത്തി. മണ്ണുത്തി അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞ മിനി എബ്രഹാം ക്ലാസ് നയിച്ചു.

കാലാവസ്ഥാ വ്യതിയാനവും മഞ്ഞുകാലത്തെ പ്രതികൂല സാഹചര്യങ്ങളും മൂലം ജാതിത്തോട്ടങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന കൊമ്പുണക്കം, ഡൈബാക്ക്, അനിയന്ത്രിതമായ ഇലപൊഴിച്ചിൽ, വെള്ളക്കായ് പൊഴിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളുടെ കാരണങ്ങളും അവയ്ക്കുള്ള ശാസ്ത്രീയ പ്രതിരോധ-നിയന്ത്രണ മാർഗങ്ങളും വിശദീകരിച്ചു.

റിലയൻസ് ധൻ ഫൗണ്ടേഷൻ പ്രതിനിധി ഗൗരി കർഷകരുമായി സംവദിച്ചു. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് വി.വി. സന്തോഷ് കുമാർ ക്ലാസെടുത്തു. ആത്മ നെടുമ്പാശ്ശേരി ബ്ലോക്ക് ഉദ്യോഗസ്ഥ ജി. സുജാത, അസിസ്റ്റന്റ് അഗ്രിക്കൾച്ചറൽ ഓഫീസർ ഷേർലി ഫ്രാൻസിസ്, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. പരിശീലകർ ജാതിത്തോട്ടങ്ങൾ സന്ദർശിച്ചു.

Content Highlights: A training session on disease management and scientific farming practices was organized for nutmeg farmers in Sreemoolanagaram.