കടുവാളിൽ അനധികൃതമായി സ്ഥാപിച്ച സ്ലാബുകൾ നഗരസഭ പൊളിച്ചുനീക്കി

പെരുമ്പാവൂർ : എം.സി. റോഡിൽ കടുവാളിന് സമീപം സ്വകാര്യ വ്യാപാരസമുച്ചയത്തിന് മുന്നിലെ കാനയ്ക്ക് മുകളിൽ നഗരസഭയുടെ സ്ലാബ് നിയമവിരുദ്ധമായി സ്ഥാപിച്ചത് പൊളിച്ചുനീക്കി. നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണിത്.
പൊതുമരാമത്ത് വകുപ്പിന്റെ കാനയ്ക്ക് മുകളിൽ നഗരസഭയുടെ സ്ലാബുകൾ നിരത്താൻ അനുമതിയില്ലെന്നിരിക്കേ ആറാം വാർഡ് കൗൺസിലർ ബി.ജെ.പി. അംഗം ശാലു ശരത്തിന് വാർഡിലേക്ക് അനുവദിച്ച സ്ലാബുകൾ നിയമവിരുദ്ധമായി പൊതുമരാമത്ത് വകുപ്പിന്റെ കാനയ്ക്ക് മുകളിൽ സ്ഥാപിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഏഴാം വാർഡ് കൗൺസിലർ സി.പി.എം. അംഗമായ അജി സി. പണിക്കർ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. നഗരസഭാ ചെയർപേഴ്‌സന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടർന്നാണ് സ്ലാബുകൾ പൊളിച്ചുനീക്കിയത്.
പി.എം.സി. (പെരുമ്പാവൂർ മുനിസിപ്പൽ കോർപ്പറേഷൻ) എന്ന് രേഖപ്പെടുത്തിയ ഒൻപത് സ്ലാബുകളാണ് ഇവിടെനിന്ന് കണ്ടെത്തി പൊളിച്ചുനീക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ കാനയിൽ നഗരസഭയുടെ സ്ലാബുകൾ സ്ഥാപിക്കാൻ കഴിയില്ല എന്നുകാണിച്ച് ആറാം വാർഡംഗത്തിന് അറിയിപ്പ് നൽകിയിരുന്നെങ്കിലും വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നാണ് സെക്രട്ടറിയുടെ വിലയിരുത്തൽ.
അതേസമയം ന്യൂനപക്ഷമോർച്ച നേതാവിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിന് മുന്നിൽ നഗരസഭയുടെ സ്ലാബ് നിരത്താൻ ബി.ജെ.പി. അംഗം ഒത്താശ ചെയ്തുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം.