മത്സ്യമേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകും- മന്ത്രി അബ്ദുൾഗഫൂർ

വൈപ്പിൻ : മത്സ്യമേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നതാണ് സർക്കാർ നിലപാടെന്ന് ഫിഷറീസ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾഗഫൂർ പറഞ്ഞു.

നിലവിൽ ലൈഫ് പദ്ധതിയുടെ ഭാഗമാണ് മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനനിർമാണ സഹായം. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടവിധം ഭവനങ്ങൾ ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഭവനനിർമാണ പദ്ധതി പുനഃസ്ഥാപിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി വൈപ്പിൻകരയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നായരമ്പലം ഗ്രാമപ്പഞ്ചായത്ത് ഹാളിൽനടന്ന ചടങ്ങിൽ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിപ്രകാരമുള്ള ആധുനിക മത്സ്യഗ്രാമ വികസനം, കാലാവസ്ഥാ പ്രതിരോധ മത്സ്യഗ്രാമങ്ങളുടെ പ്രവർത്തനോദ്ഘാടനം, കടലാമ സംരക്ഷണപദ്ധതി, മത്സ്യവിപണന കിയോസ്കുകളുടെ വിതരണം, നായരമ്പലത്തെ മൾട്ടി പർപ്പസ് യൂട്ടിലിറ്റി സെന്റർ, പുത്തൻകടപ്പുറം നെറ്റ് മെന്റിങ് യാർഡും ടോയ്‌ലെറ്റ് ബ്ലോക്കും, ഞാറയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ പബ്ലിക് മാർക്കറ്റ്, മാലിപ്പുറം ഫാമിൽ ലൈവ് ഫിഷ് വെൻഡിങ് സെന്റർ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

ടോണി ചമ്മണി എം.എൽ.എ. അധ്യക്ഷനായി. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. കെ.കെ. ജോഷി, എം.പി. ക്ലീറ്റസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ബെന്നി ബെർണാഡ്, ആഷാ പൗലോസ്, ജോബി വർഗീസ്, കെ.എ. സാജിത്ത്, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ എം.ഡി. ഷേക്ക് പരീത്, ഫിഷറീസ് ജോ. ഡയറക്ടർ സുഗന്ധകുമാരി എന്നിവർ സംസാരിച്ചു.