അരൂരിൽ രാത്രിയിൽ ട്രെയിലർ ലോറി കുടുങ്ങി

വില്ലനായത് കാനയുടെ ഉയരക്കൂടുതൽ

അരൂർ : ഇന്ധനം നിറച്ച് ദേശീയപാതയിലേക്കിറങ്ങവേ ട്രെയിലർ ലോറിയുടെ അടിഭാഗം കാനയിൽ തട്ടി കുടുങ്ങി. രാജസ്ഥാനിൽ നിന്ന് കാറുകളുമായി വന്ന ലോറിയാണ് തിങ്കളാഴ്ച രാത്രി ഒൻപതരയോടെ അരൂർ ഇന്ത്യൻ ഓയിൽ പമ്പിനുമുന്നിൽ കുടുങ്ങിയത്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയോരത്ത് നിർമിച്ച കാനയുടെ ഉയരം കൂടിയതാണ് വില്ലനായത്.

ഉയരവ്യത്യാസം മൂലം ഇതേ പമ്പിൽ ഇതിനുമുൻപ് പലതവണ ഇത്തരത്തിൽ വാഹനങ്ങൾ കുടുങ്ങിയിരുന്നു. തുടർന്ന് പമ്പിൽനിന്ന് ദേശീയപാതയിലേക്കിറങ്ങുന്ന ഭാഗത്ത് ചരിവ് നിർമിച്ചിട്ടും ലോറി കുടുങ്ങുകയായിരുന്നു.

നീളമേറിയ ട്രെയിലറിന്റെ ഡ്രൈവറുടെ കാബിൻ ദേശീയപാതയിലും പിന്നോട്ടുള്ള ഭാഗം പമ്പിലേക്കുമായ നിലയിലാണ്. ജാക്കി ഉപയോഗിച്ച് അടിഭാഗം ഉയർത്തി വാഹനം പാതയിലേക്കിറക്കുന്നതിനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാനയുടെ ഉയരം കൂടിയതുമായി ബന്ധപ്പെട്ട് വ്യാപാരികളും നൂറുകണക്കിന് വീട്ടുകാരും ഏറെ ബുദ്ധിമുട്ടിലാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികളും നിലനിൽക്കുന്നുണ്ട്.