കളമശ്ശേരിയിൽ അപകടകരമായ കേബിളുകൾ നീക്കിത്തുടങ്ങി

വീട്ടമ്മയുടെ മരണത്തിന് പിന്നാലെ നടപടി
കളമശ്ശേരി : കളമശ്ശേരി നഗരസഭാ പരിധിയിൽ താഴ്ന്നും തൂങ്ങിയും അലക്ഷ്യമായി സ്ഥാപിച്ചിട്ടുള്ളതും അപകടഭീഷണി ഉയർത്തുന്നതുമായ കേബിളുകൾ നഗരസഭ മുറിച്ചുമാറ്റിത്തുടങ്ങി. റോഡുകളിലും നടപ്പാതകളിലും അപകടകരമായ രീതിയിൽ കിടക്കുന്ന കേബിളുകൾ നീക്കംചെയ്യണമെന്ന് ആവശ്യം ഉയർന്നിരുന്നു.
രണ്ടുമാസം മുൻപ് കളമശ്ശേരി സുന്ദരഗിരിയിൽ മൂലംകുഴി സേവ്യറിന്റെ ഭാര്യ പുഷ്പി സേവ്യറിന് കേബിളിൽ തട്ടിവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. നോർത്ത് കളമശ്ശേരി പത്താം പീയൂസ് പള്ളിക്കുസമീപമുള്ള സെമിത്തേരിയിൽ ഭർത്താവ് സേവ്യറുമൊത്ത് പോയി തിരിച്ചിറങ്ങുമ്പോൾ ഗേറ്റിനുമുന്നിൽ നിലത്തുകൂടി വിലങ്ങനെ കിടന്നിരുന്ന കേബിളിൽ കാൽകുരുങ്ങി പുഷ്പി തലയടിച്ചുവീഴുകയായിരുന്നു. വീണപ്പോൾത്തന്നെ ധാരാളം രക്തം വാർന്നുപോയി. അപകടത്തെ തുടർന്ന് പുഷ്പിയുടെ ഇടതുവശം തളർന്നുപോയി.
18 ലക്ഷത്തോളം രൂപ ആശുപത്രിയിൽ ചികിത്സയ്ക്കായി ചെലവഴിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് അപകടകരമായ രീതിയിൽ സ്ഥാപിച്ചിട്ടുള്ളതും അലക്ഷ്യമായി കിടക്കുന്നതുമായ കേബിളുകൾ മുറിച്ചുമാറ്റണമെന്ന് നഗരസഭാ കൗൺസിലർമാർ ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് ബന്ധപ്പെട്ട കേബിൾ ഉടമകൾക്ക് നഗരസഭ അറിയിപ്പ് നൽകുകയും അപകടകരമായ കേബിളുകൾ നീക്കംചെയ്യാനും താഴ്ന്നുകിടക്കുന്നവ ഉയർത്തിക്കെട്ടാനും നിർദേശം നൽകുകയും ചെയ്തു. എന്നാൽ അറിയിപ്പ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേബിളുകൾ നീക്കംചെയ്യാത്ത സാഹചര്യത്തിലാണ് നഗരസഭ നേരിട്ട് നടപടിയിലേക്ക് കടന്നത്.
ഇതിന്റെ ഭാഗമായി ബുധനാഴ്ച നഗരസഭാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാലാംവാർഡിൽ അപകടകരമായ നിലയിൽ കിടന്നിരുന്ന കേബിളുകൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.