കോഴിപ്പിള്ളി ജലനിധി പദ്ധതി പുതിയ മോട്ടോർ സ്ഥാപിച്ച് കുഴൽക്കിണർ പ്രവർത്തനക്ഷമമാക്കാൻ പദ്ധതി

പാലക്കുഴ : കോഴിപ്പിള്ളി ജലനിധി പദ്ധതിയിൽനിന്ന് ജലവിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ മോട്ടോർ സ്ഥാപിക്കുമെന്ന് പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ജെബോയ് മർക്കോസ് എന്നിവർ പറഞ്ഞു. മോട്ടോർ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ ഒരുമാസമായി ജലവിതരണത്തിൽ തടസ്സം നേരിട്ടു.
കുഴൽക്കിണറിലുണ്ടായ ബലക്ഷയം കാരണത്താലും പമ്പിങ് നടത്താൻ കഴിഞ്ഞില്ല. 30 വർഷമായി പ്രവർത്തിപ്പിക്കാതിരുന്ന മറ്റൊരു കുഴൽക്കിണറിന്റെ അറ്റകുറ്റപ്പണികൾ ഞായറാഴ്ച നടത്തി. ഇതിൽ മോട്ടോർ സ്ഥാപിക്കാനുള്ള ശ്രമങ്ങളാരംഭിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. സുനിൽ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പുതിയ രണ്ട് മോട്ടോർ അനുബന്ധ ഉപകരണങ്ങൾ എന്നിവ ഡിസംബറിൽ ലഭ്യമാകുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജെബോയ് മർക്കോസ് പറഞ്ഞു.
743 ഉപഭോക്താക്കളാണ് ജലനിധി പദ്ധതിയുടെ കീഴിലുള്ളത്. പഞ്ചായത്തിലെ ഏഴ് വാർഡുകളുൾപ്പെട്ട പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് കോഴിപ്പിള്ളി പദ്ധതിയിൽ നിന്നാണ്. ടി.എൻ. സുനിൽ (പ്രസി.), ജോർജ് മംഗളാംകുന്നേൽ (സെക്ര.) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
പഞ്ചായത്തിലെ ജൽജീവൻ പദ്ധതിപ്രകാരം ജലവിതരണം പൂർത്തിയാക്കാൻ കുറച്ചുമാസങ്ങൾ കൂടി കഴിയണം. ഡിസംബർ മുതൽ മേയ് മാസം വരെയാണ് ജലഉപഭോഗം വർധിക്കുന്നത്.