വാട്ടർ മെട്രോ എറണാകുളം ടെർമിനൽ ഒരുവർഷത്തിനകം പൂർത്തിയാകും

യാഥാർഥ്യമാകുന്നത് രണ്ടാമത്തെ ഏറ്റവും വലിയ ടെർമിനൽ

കൊച്ചി : എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിർമിക്കുന്ന പുതിയ വാട്ടർ മെട്രോ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വാട്ടർ മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ടെർമിനലാണിത്. കഴിഞ്ഞ 8-ന് പൈലിങ് ജോലികൾ ആരംഭിച്ചു. 32 കോടി രൂപ ചെലവുവരുന്ന ടെർമിനൽ ഒരുവർഷത്തിനകം പൂർത്തിയാകും. പരമ്പരാഗത കേരളീയ വാസ്തുശില്പരീതിയിലായിരിക്കും ടെർമിനലിന്റെ രൂപകല്പന.

രണ്ടു നിലകളിലായി 18,000 ചതുരശ്ര അടി (ഓരോ നിലയിലും 9,000 ചതുരശ്ര അടി വീതം) യാണ് വിസ്തീർണം. കെട്ടിടത്തിന്റെ ഒന്നാംനില പൂർണമായും വാണിജ്യാവശ്യങ്ങൾക്കായി മാറ്റിവയ്ക്കും. 45 മീറ്റർ ആഴത്തിൽ, 600 എം.എം. വ്യാസമുള്ള ആകെ 72 പൈലുകളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. കൂൾ ഹോം ബിൽഡേഴ്‌സാണ് നിർമാണം നടത്തുന്നത്. കിറ്റ്കോയാണ് ഡിസൈൻ കൺസൾട്ടന്റ്. ടെർമിനൽ പ്രവർത്തനസജ്ജമാകുമ്പോൾ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, കുമ്പളം, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് എറണാകുളം ടെർമിനലിൽ നിന്ന് നേരിട്ട് സർവീസ് നടത്താൻ കഴിയും.

എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ്-സ്കൂൾ, ലോ കോളേജ്, സിറ്റി പോലീസ് കമ്മിഷണർ ഓഫീസ് സ്ഥിതിചെയ്യുന്ന റവന്യൂ ടവർ, ജനറൽ ആശുപത്രി, മഹാരാജാസ് കോളേജ്, ജില്ലാ കോടതി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇതോടെ സാധിക്കും. രണ്ടു ഫ്ലോട്ടിങ്‌ ജെട്ടികളാണ് വിഭാവന ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ഫ്ലോട്ടിങ് ജെട്ടിയാകും പൂർത്തിയാക്കുക. ബോട്ടുകൾക്കുള്ള ചാർജിങ് പോയിന്റുകൾ, ഫ്യൂവലിങ് സ്റ്റേഷൻ എന്നിവ ഇവിടെ സജ്ജീകരിക്കും.

പുതിയ ബോട്ടുകളുടെ ആവശ്യകത മുൻനിർത്തി 15 ബോട്ടുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇടക്കൊച്ചി ടെർമിനലിന്റെ ടെൻഡർ നടപടികൾക്ക് 20 കോടി രൂപയും വരാപ്പുഴയ്ക്ക് 16 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.