അമിതലോഡ്: ട്രാൻസ്‌ഫോർമർ കത്തിയമർന്നു, ഐ.ടി. നഗരം ഇരുട്ടിൽ

കാക്കനാട് : ഇൻഫോപാർക്ക് റോഡിൽ കുഴിക്കാട്ടുമൂല പള്ളിക്ക് സമീപം ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. ഐ.ടി. നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ മണിക്കൂറുകളോളം ഇരുട്ടിലായി. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഉഗ്രശബ്ദത്തോടെ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചതോടെ തീയും കനത്ത പുകയും പത്തുമീറ്ററോളം ഉയരത്തിൽ പടർന്നു. ട്രാൻസ്‌ഫോർമറിന് ശേഷിയിലധികം വൈദ്യുത ലോഡ് വന്നതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ട്രാൻസ്‌ഫോർമറിന്റെ ശേഷി വർധിപ്പിക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. തീപ്പിടിത്തത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നു. തീയും പുകയും റോഡിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ വാഹനയാത്രക്കാരും സമീപവാസികളും ആശങ്കയിലായി.
അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി. ജീവനക്കാരും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ടെക്കികൾക്ക് ശനിയാഴ്ച അവധിയായിരുന്നതിനാൽ ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി മേഖലകളിൽ വാഹനത്തിരക്ക് കുറവായിരുന്നു.
ട്രാൻസ്‌ഫോർമർ കത്തിയതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി.യും ചേർന്ന് തീ അണച്ചെങ്കിലും രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. ഇതോടെ ഐ.ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ മണിക്കൂറുകളോളം ഇരുട്ടിലായി.