മറ്റൂരിലെ കുരുക്കഴിക്കണം

കർമപദ്ധതികളുമായി മേഖലാ റെസിഡെൻസ് അസോസിയേഷൻ ഏകോപനസമിതി

കാലടി : മറ്റൂർ പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ കർമപദ്ധതികളുമായി കാലടി മേഖലാ റെസിഡെൻസ് അസോസിയേഷൻ ഏകോപനസമിതി. എം.സി. റോഡ് യാത്രക്കാരെ വട്ടംകറക്കുന്ന കാലടിയിലെ ഗതാഗതകുരുക്കിന് സമാനമായ അവസ്ഥയാണ് ഏറെ നാളുകളായി മറ്റൂരിലും അനുഭവപ്പെടുന്നത്. പാലത്തിലെ ടാറിങ് നീക്കിയുള്ള പ്രവൃത്തിയ്ക്ക് ശേഷം കാലടിയിലെ കുരുക്കിന് ശമനമുണ്ടായിട്ടുണ്ട്. എന്നാൽ, നിരത്തിൽ വാഹനങ്ങൾ കൂടുതൽ എത്തുമ്പോഴെല്ലാം മറ്റൂർ കുരുക്കിലാകുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പരിഹാര മാർഗങ്ങൾ തേടി റെസിഡെൻസ് അസോസിയേഷൻ ഏകോപന സമിതി രംഗത്തിറങ്ങിയത്.

ജനങ്ങളിൽനിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം മറ്റൂർ സെയ്ന്റ് ജോർജ് യാക്കോബായ പള്ളി ഹാളിൽ ചേർന്നു. യോഗത്തിൽ പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന ഒട്ടേറെ നിർദേശങ്ങൾ ഉയർന്നുവന്നു.

നിർദേശങ്ങൾ

മറ്റൂർ ജങ്ഷൻ മുതൽ കാലടി പാലം വരെ മീഡിയൻ സ്ഥാപിക്കുക, കാലടിക്ക് വേണ്ടി ഒരു ട്രാഫിക് യൂണിറ്റ് അനുവദിക്കുക, മറ്റൂരിലെ സിഗ്‌നൽ സംവിധാനം പൊതുവേ പരാജയമായതിനാൽ അതിനു പകരം പോലീസോ ട്രാഫിക് വാർഡനോ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന രീതിയാക്കുക, ജങ്ഷനിലും റോഡിന്റെ വശങ്ങളിലും സൂചനാ ബോർഡുകൾ സ്ഥാപിക്കുക, അങ്കമാലി ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പ് കുറച്ചുകൂടി മുന്നോട്ട് മാറ്റിസ്ഥാപിക്കുക, ശ്രീശങ്കരാ കോളേജ് റോഡിലെ ഇരുവശങ്ങളിലെയും പാർക്കിങ് ഒഴിവാക്കുക, രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ കോളേജ് റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തുക, കോളേജിലേക്കുള്ള വാഹനങ്ങൾ മറ്റൂരിൽനിന്നും പ്രവേശിക്കുകയും മടക്കയാത്ര മരോട്ടിച്ചോട് വഴിയാക്കുകയും ചെയ്യുക.

കോളേജ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ ചർച്ചയായി. നിലവിലെ കാനകളിലെ ചെളി നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കണമെന്നും റോഡിലെ ചരിവുകാരണം ഒഴുകിയെത്തുന്ന വെള്ളം കാനകളിലേക്ക് തിരിച്ചുവിടാൻ സംവിധാനം ഉണ്ടാക്കണമെന്നും നിർദേശങ്ങൾ ഉണ്ടായി.

നിർദേശങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്കും വകുപ്പുകൾക്കും സമർപ്പിക്കാൻ തീരുമാനിച്ചു. കൂടുതൽ നിർദേശങ്ങൾക്കായി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവിധ മേഖലകളിലുള്ള ആളുകളെ പങ്കാളിയാക്കും. സംഘടനകളെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് സമയബന്ധിതമായി പരിഹാര നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇടപെടലുകൾ തുടരാനാണ് സമിതി തീരുമാനം.

യോഗത്തിൽ സമിതി മേഖലാ പ്രസിഡന്റ് സി.കെ. അൻവർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ.സി. രാജീവ് വിഷയാവതരണം നടത്തി. കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗം അഹല്യ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സീന ദേവസിക്കുട്ടി, പുഷ്‌കല തങ്കപ്പൻ, പഞ്ചായത്തംഗങ്ങളായ അമ്പിളി ശ്രീകുമാർ, എം.ടി. വർഗീസ്, കെ.ഡി. വർക്കി, പി.എം. അരുൺദാസ്, മെർളി ആന്റണി, പ്രിൻസി ഡൊമിനി, വിൽസൺ വട്ടപ്പറമ്പൻ, ആദി ശങ്കര ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആർ. ശങ്കര സുബ്രഹ്മണ്യൻ, പൊതുമരാമത്ത് അസി. എൻജിന‌ിയർ സി.ടി. ശ്രീദേവി, ഫാ. വർഗീസ് തൈപ്പറമ്പിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എ. കുഞ്ഞുമോൻ, സമിതി മേഖലാ ട്രഷറർ വി.ബി. സിദിൽ കുമാർ, ശങ്കർനഗർ അസോസിയേഷൻ പ്രസിഡന്റ് എ. സുരേഷ് കെ.എ. സദാനന്ദൻ, മിത്രം സെക്രട്ടറി മനോജ്, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.