മൂത്തകുന്നത്ത് വേണം എക്‌സിറ്റ്-എൻട്രി; അവകാശ പ്രഖ്യാപന റാലി നടത്തി

പറവൂർ : ദേശീയപാത കടന്നുവരുന്ന ജില്ലാ അതിർത്തിയായ മൂത്തകുന്നം കവലയിൽ എക്‌സിറ്റ്-എൻട്രി വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അവകാശ പ്രഖ്യാപന റാലി നടത്തി. റാലിയിൽ വിദ്യാർഥികളും ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും ഓട്ടോ ടാക്‌സി ഡ്രൈവർമാർ അടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ മൂത്തകുന്നം കവലയിൽ നിന്നും ആരംഭിച്ച റാലി ലേബർ കവല ചുറ്റിയാണ് സമരപ്പന്തലിൽ എത്തിയത്. റാലിയിൽ പങ്കെടുത്തവർ ബാനറുകളും പ്ലക്കാർഡുകളുമേന്തിയിരുന്നു. ചെട്ടിക്കാട് തീർഥാടന ദേവാലയ റെക്ടർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, എച്ച്.എം.ഡി.പി. സഭാ പ്രസിഡന്റ് കെ.വി. അനന്തൻ, കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ. സഭാ സെക്രട്ടറി ഹരീഷ്‌കുമാർ എന്നിവർ ചേർന്ന് റാലി ഫ്ളാഗ് ഓഫ് ചെയ്തു.

അവകാശ പ്രഖ്യാപന സമ്മേളനത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ്, വൈസ് പ്രസിഡന്റ് ദിവ്യ സനിൽകുമാർ, ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, കെ.വി. അനന്തൻ, അജയ് തറയിൽ, പി.ആർ. ശിവശങ്കരൻ (ബി.ജെ.പി.), കെ.കെ. സുഗതൻ മാല്യങ്കര, എം.ഡി. മധുലാൽ, എസ്.എൻ.ഡി.പി. യൂണിയൻ ഭാരവാഹി പി.എസ്. ജയരാജ്, പി.ഡി. രാജീവ്, ആക്ഷൻ കൗൺസിൽ കൺവീനർ ഷജിത്ത് മനോഹർ, സി.എസ്. രാജേഷ്, വാർഡംഗം വി.ഡി. ദിപുലാൽ, എൻ.സി. ഹോച്ച്മിൻ, കെ.എം. സാം എന്നിവർ സംസാരിച്ചു.

ദേശീയപാതാ ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി

പറവൂർ : ദേശീയപാത 66 പുതുക്കിയ ഡിസൈൻ പ്രകാരം മൂത്തകുന്നത്ത് എക്‌സിറ്റും എൻട്രിയും ഇല്ലാതായതിനെ തുടർന്ന് അത് വേണമെന്ന ആക്ഷൻ കൗൺസിലിന്റെ ആവശ്യത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം എൻ.എച്ച്. അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ ബുധനാഴ്ച വൈകീട്ട് സ്ഥലം സന്ദർശിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി ആശയവിനിമയം നടത്തി.

എൻ.എച്ച്. പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്, ഓറിയന്റൽ സ്‌ട്രെക്ച്ചറൽ കമ്പനി പ്രതിനിധി മധു, എൻ.എച്ച്. അതോറിറ്റി എൻജിനിയർ, മുഖ്യമന്ത്രിയുടെ അഡീഷണൽ പി.എ. എ.ബി. സുരേഷ്ബാബു, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ജില്ലാ പഞ്ചായത്തംഗം എം.എ. നിത്യ, പഞ്ചായത്തംഗം എം.ഡി. മധുലാൽ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഷജിത്ത് മനോഹർ, സി.എസ്. രാജേഷ് തുടങ്ങിയവർ കവലയും പരിസരവും നിരീക്ഷിച്ചു.

ആക്ഷൻ കൗൺസിൽ തയ്യാറാക്കിയ പ്ലാനും മാപ്പും അധികൃതർക്ക് നൽകി. ഇവിടെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള 18 വീട്ടുകാർക്ക് നേരത്തേതന്നെ വഴി നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. പ്രധാന പാതയിൽ നിന്നും താഴേക്ക് ഇറങ്ങാനും കയറാനും സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് പഠിച്ച് പരിശോധിച്ച ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന് റിപ്പോർട്ട് കൈമാറുമെന്ന് പരിശോധനയ്ക്ക് എത്തിയവർ പറഞ്ഞു.