മുഖ്യമന്ത്രി വഴിയിൽ വീഴുമെന്ന് സൂചന-എ. വിജയരാഘവൻ

തൃപ്പൂണിത്തുറ : കൊട്ടിഘോഷിച്ചുകൊണ്ടുവന്ന കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ വഴിയിൽ വീണുപോകുന്നതാണ് മുൻപ് കണ്ടിട്ടുള്ളതെന്നും അതിന്റെ സൂചനകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മുഖ്യമന്ത്രിക്കെതിരായ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ പരാമർശങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
സി.പി.എം. ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത കമ്മിറ്റിക്ക് സമാപനം കുറിച്ച് തൃപ്പൂണിത്തുറ ലായം റോഡരികിലെ മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ ഞാൻ പറയുന്നതിലും പതിന്മടങ്ങ് ആവേശത്തോടെയാണ് കെ.പി.സി.സി. ഓഫീസിലിരുന്ന് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനും, എ. കെ. ആൻറണിയും വഴിയിൽ വീണുപോയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. വി.ഡി. സതീശന് അമിതാധികാരത്തിന്റെ സ്വരമാണ്. അതിന് അധികം ആയുസ്സ് ഉണ്ടാകില്ല. നിയമം കൈയിലെടുക്കാൻ യൂത്ത് കോൺഗ്രസുകാർക്ക് സർക്കാർ സഹായംചെയ്തു കൊടുക്കുകയാണ്. ഗുണ്ടകളെ ഖദറിടീച്ച് എസ്.എഫ്.ഐ.ക്കാരെ അടിച്ചുതകർക്കാം എന്ന വിചാരം വേണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
പാർട്ടി ജില്ലാ സെക്രട്ടറി എസ്. സതീഷ് അധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പുഷ്പാദാസ്, ടി.സി. ഷിബു, തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
പിണറായി വിജയനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം-സി.പി.എം.
: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പൊതുസമൂഹത്തിൽ അപമാനിക്കാനും കേസന്വേഷണത്തിന്റെ പേരിൽ വേട്ടയാടാനും നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.എം. വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനാവശ്യപ്പെട്ട് ഇടതുപക്ഷം ആഹ്വാനംചെയ്ത പ്രക്ഷോഭസമരങ്ങളിൽ അണിനിരക്കാനും കമ്മിറ്റി ആഹ്വാനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൊതുമേഖലാ വിരുദ്ധ നിലപാടുകൾക്കും തൊഴിലാളിവിരുദ്ധ നയങ്ങൾക്കുമെതിരേ തൊഴിലാളി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനവും വിപുലീകൃത ജില്ലാകമ്മിറ്റി യോഗം അംഗീകരിച്ചു.