ഇലഞ്ഞിയിലെ പഴം-പച്ചക്കറി യൂണിറ്റിൽ; സാങ്കേതിക സമിതി പരിശോധന നടത്തി

ഇലഞ്ഞി : ഇലഞ്ഞി പഴം-പച്ചക്കറി യൂണിറ്റ് പ്രവർത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് രൂപവത്‌കരിച്ച സാങ്കേതികസമിതിയുടെ ആദ്യ പരിശോധന നടന്നു.

സാങ്കേതിക സമിതി തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ട് മന്ത്രി അനൂപ് ജേക്കബിന് സമർപ്പിക്കും. ഫയർ ആൻഡ് സേഫ്റ്റി വിഭാഗം സുരക്ഷ വിശകലനം ചെയ്യേണ്ടതുണ്ട്. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ടെക്‌നിക്കൽ കമ്മിറ്റി വിപുലീകരിക്കും. തുടർന്ന് സമിതി തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കും.

മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരമാണ്‌ ടെക്‌നിക്കൽ കമ്മിറ്റി രൂപവത്‌കരിച്ചതും പരിശോധന നടത്തിയതും. നാശോന്മുഖമായി കിടക്കുന്ന യൂണിറ്റിന്റെ പ്രവർത്തനത്തിന്‌ പുതിയ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് മുൻപുതന്നെ കഴിഞ്ഞ സർക്കാർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ ദുരൂഹതയുണ്ട്. ചിൽഡ് സ്റ്റോറേജ് പ്ലാന്റ്, നിർജലീകരണ പ്ലാന്റ് തുടങ്ങിയവ പുതുതായി സ്ഥാപിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.

ഇക്കാര്യത്തിൽ വഴിവിട്ടുള്ള നടപടി ഉണ്ടായോ എന്നു പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യൂണിറ്റിന്റെ നിലവിലെ അവസ്ഥ, കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ, ലക്ഷക്കണക്കിനു രൂപയുടെ യന്ത്രസാമഗ്രികൾ നശിച്ചുപോകുന്നു തുടങ്ങിയ പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനേ തുടർന്നാണ്‌ ടെക്‌നിക്കൽ കമ്മിറ്റിയെ നിയോഗിച്ചത്.

ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. ഷിബു, വൈസ് പ്രസിഡന്റ്‌ ഡിൻസി ജോജി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം.പി. ജോസഫ്, മോളി ആന്റണി, സിജി പീറ്റർ, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ. ഹരികുമാർ, അസി. പ്രൈവറ്റ് സെക്രട്ടറി എം. ഷാജു, സപ്ളൈകോ ജനറൽ മാനേജർ എം.യു. ബിജു, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്, പൊതുമരാമത്ത് വകുപ്പ്, ജില്ലാ വ്യവസായവകുപ്പ്, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, സി.എഫ്.ആർ.ഡി., ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പഴം-പച്ചക്കറി സംസ്കരണ യൂണിറ്റിന്റെ അവസ്ഥ സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.