തോട്ടറപ്പുഞ്ച: കർഷകരുമായി സഹകരിച്ച് ചെറുകിട ജലസേചന വകുപ്പ്; പായൽവാരൽ ഫലപ്രദം

വെള്ളം കയറ്റാൻ പെട്ടിയും പറയും ഉപയോഗയോഗ്യമാക്കണം
എടയ്ക്കാട്ടുവയൽ : പായൽ വാരുന്നതിൽ കർഷകരുടെ കൂടി അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുത്തതോടെ ചെറുകിട ജലസേചന വകുപ്പിന്റെ പായൽവാരൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി. പായൽ വാരുന്നത് സംബന്ധിച്ച് കർഷകർക്കു പരാതികളുണ്ടെങ്കിൽ അവ പായൽ വാരുന്നവരെ അറിയിക്കാം. ഇതിനായി തോട്ടറപ്പുഞ്ചയെ റീച്ചുകളായി തിരിച്ച് ഓരോ റീച്ചിലും പാടശേഖരസമിതി ഭാരവാഹികളിൽ ഒരാളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഏതെങ്കിലും ഭാഗത്ത് പായൽ വാരുന്നതിൽ വീഴ്ചവന്നാൽ സമയത്തുതന്നെ കർഷകർ ചുമതലക്കാരെ അറിയിക്കുന്നുണ്ടെന്ന് പാടശേഖരസമിതി നേതാക്കൾ പറഞ്ഞു.
തോടിന്റെ കരയിൽ ജെ.സി.ബി.യിട്ടാണ് പായൽ വാരുന്നതെന്നതിനാൽ ചിലയിടങ്ങളിൽ കാര്യക്ഷമമായി പ്രവർത്തനം നടത്താൻ സൗകര്യക്കുറവുണ്ട്. അവിടങ്ങളിൽ വണ്ടിയിറക്കി വാരാനുള്ള സൗകര്യങ്ങളൊരുക്കും. തോട്ടറപ്പുഞ്ചയിലെ തൊള്ളിക്കരിയിൽ ഇടത്തോടുകളിൽനിന്ന് പായൽ നീക്കിയാലേ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനാവൂ. കൃഷിയിറക്കുന്നതിന് ഇക്കാര്യം അനിവാര്യമാണെന്ന് ട്രാക്ടറുപയോഗിച്ച് പാടമൊരുക്കുന്ന കർഷകൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഈ ഭാഗത്തെ ചുമതലക്കാരൻ പായൽവാരുന്നവരെ അറിയിച്ചാൽ അതിനുള്ള സൗകര്യമൊരുക്കുമെന്ന് കർഷകസമിതി ഭാരവാഹികൾ പറഞ്ഞു.
ഇത്തവണ തുലാവർഷമഴയിൽ തോട്ടറപ്പുഞ്ചയിൽ വെള്ളക്കെട്ടുണ്ടാകാതിരുന്നത് കൃഷിയിറക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. നവംബറിൽത്തന്നെ കർഷകർ പാടമൊരുക്കി കൃഷിക്ക് തയ്യാറാകുന്നത് കൃഷിയിലേക്ക് കൂടുതൽ കർഷകരെത്തുമെന്ന പ്രതീക്ഷയും നൽകുന്നു.
എന്നാൽ ചിലയിടങ്ങളിൽ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനും മറ്റും വൈദ്യുതി കണക്ഷനായി ആമ്പല്ലൂർ കെ.എസ്.ഇ.ബി. അധികൃതരെ സമീപിച്ചപ്പോൾ തിക്താനുഭവങ്ങളാണുണ്ടായതെന്ന് ചില കർഷകരും സമിതിഭാരവാഹികളും പറഞ്ഞു.
ഇലക്ട്രിക്കൽ സെക്ഷനിൽ തീരുമാനമെടുക്കാൻ കഴിയുന്ന കാര്യം മന്ത്രിതലത്തിൽവരെ അറിയിച്ച ശേഷമാണ് വൈദ്യുതി വകുപ്പുദ്യോഗസ്ഥർ ചെയ്യാൻ തയ്യാറായത്. മോട്ടോറുകൾ സമയത്ത് പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നാൽ അതു കൃഷിയെ പ്രതികൂലമായി ബാധിക്കും.
ഇപ്പോൾ കൃഷിക്കാവശ്യമായ വെള്ളം പുഞ്ചയിലുണ്ടെങ്കിലും വെള്ളംവരവ് കുറഞ്ഞാൽ മൂവാറ്റുപുഴയാറിൽനിന്ന് വെള്ളം പുഞ്ചയിലേക്ക് അടിച്ചുകയറ്റേണ്ടതായി വരും. ഇപ്പോൾ പെട്ടിയും പറയും പ്രവർത്തനക്ഷമമല്ല. നിലവിലുള്ള വെർട്ടിക്കൽ പമ്പ് ഉപയോഗിച്ച് പുഞ്ചയിൽനിന്നു വെള്ളം പുറത്തേക്കൊഴുക്കാൻ മാത്രമേ കഴിയൂ.
പെട്ടിയും പറയുമാണെങ്കിൽ ഇരുവശത്തേക്കും വെള്ളമടിക്കാൻ സാധിക്കും. ചില ഇലക്ട്രിക്കൽ ജോലികൾ നടത്തിയാൽ പെട്ടിയും പറയും കൂടി പ്രവർത്തിപ്പിക്കാൻ സാധിക്കും. അതിനുള്ള സഹായം കൂടി അധികൃതരിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും തോട്ടറപ്പുഞ്ച കർഷകസമിതി ഭാരവാഹികളും.