തിരുനാൾ ആകാറായിട്ടും പള്ളിക്ക് മുന്നിലെ കാനനിർമാണം പാതിവഴിയിൽ

അരൂർ : ചന്തിരൂർ സെയ്ന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കാണിക്കമാതാവിന്റെ 47-ാമത് കൊമ്പ്രേരിയ തിരുനാൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം. അപ്പോഴും പള്ളിക്ക് മുന്നിലെ ദേശീയപാതയോരത്തെ കാന നിർമാണം പാതിവഴിയിൽ.
തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിലടക്കം പങ്കെടുക്കുന്ന വിശ്വാസികൾക്ക്് ഇത് ബുദ്ധിമുട്ടാകുമെന്നാശങ്ക. നിലവിൽ പണികളൊന്നും നടക്കുന്നില്ല എങ്കിലും പാതി നിർമിച്ച കാനയ്ക്കു സമീപം കമ്പിയടക്കമുള്ള നിർമാണ സാമഗ്രികൾ അലക്ഷ്യമായി കിടക്കുകയാണ്. മാത്രമല്ല രണ്ടിടങ്ങളിൽ പാതിവഴി നിർമിച്ച കാനകൾക്കിടയിൽ പ്ലാസ്റ്റിക് ബാരിക്കേഡുകളും ഉണ്ട്. ഇവയെല്ലാം തിരുനാൾ കൂടാനെത്തുന്നവർക്കടക്കം ദുരിതമാകുമെന്ന ആശങ്കയാണ് ഉയർത്തുന്നത്.
പഴയ ദേശീയപാത ആരംഭിക്കുന്ന ഭാഗത്താണ് പള്ളി സ്ഥിതിചെയ്യുന്നത്. ഉയരപ്പാതയുടെ ഭാഗമായി ചന്തിരൂരിൽ സ്റ്റിൽ ഗർഡറുകളടക്കം സ്ഥാപിച്ച സമയത്ത് ഗതാഗതം വഴി തിരിച്ചുവിട്ടിരുന്നത് ഈ പാതയിലൂടെയാണ്. വിവിധ ആരാധനാലയങ്ങൾ, പൊതുമാർക്കറ്റടക്കം ഈ റോഡരികിലുണ്ട്. അതിനാൽതന്നെ ഇവിടെ എപ്പോഴും തിരക്കുമാണ്. പഴയ ദേശീയപാതയുടെ പ്രവേശനകവാടത്തിന് മുന്നിലുള്ള കാന നിർമാണമാണ് നാളുകളായി നിലച്ചിരിക്കുന്നത്.
23-നാണ് തിരുനാൾ ആരംഭിക്കുക. അതിന് മുൻപ് കാന നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. അത് സാധ്യമല്ലെങ്കിൽ തടസ്സമായി കിടക്കുന്ന സാമഗ്രികളടക്കം നീക്കി തിരുനാളിനെത്തുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്.