പള്ളുരുത്തി നാല്പതടി റോഡിന് വഴിയൊരുങ്ങുന്നു

പള്ളുരുത്തി : നാലര പതിറ്റാണ്ട് കാലമായി നാട്ടുകാർ സ്വപ്നം കാണുന്ന പള്ളുരുത്തിയിലെ നാല്പതടി റോഡ് പദ്ധതി പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നു. തോപ്പുംപടി-ഇടക്കൊച്ചി റോഡിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്ത് കൂടി പോകുന്ന ഈ റോഡ് ഇപ്പോഴും പാതി വഴിയിൽ കിടക്കുകയാണ്. തോപ്പുംപടി മുതൽ നമ്പ്യാപുരം റോഡ് വരെ നിർമാണം പൂർത്തിയായിട്ടുണ്ട്. അവിടെനിന്ന് കോണം, പെരുമ്പടപ്പ്, പഷ്ണിത്തോട് വഴി ഇടക്കൊച്ചി വരെയാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്.
1979-ൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമാണം തുടങ്ങിയത്. ഈ വർഷം കോർപ്പറേഷൻ ഈ റോഡ് ഉൾപ്പെടെയുള്ള മൂന്ന് റോഡുകൾക്കായി 30 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നാല്പതടി റോഡിന് പുറമേ തമ്മനം - പുല്ലേപ്പടി, ഗോശ്രീ - മാമംഗലം എന്നീ റോഡുകൾക്ക് ഈ പണം ഉപയോഗിക്കുമെന്ന് കോർപ്പറേഷൻ ബജറ്റിൽ പറയുന്നു. എന്നാൽ തമ്മനം -പുല്ലേപ്പടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയാണ്. ഗോശ്രീ-മാമംഗലം റോഡ് ഉടനെയൊന്നും തുടങ്ങാനുമാവില്ല. അതുകൊണ്ട് കൊച്ചിൻ കോർപ്പറേഷൻ നീക്കിവെച്ച 30 കോടി രൂപയിൽ വലിയൊരു ഭാഗം പള്ളുരുത്തി നാല്പതടി റോഡിന് വേണ്ടി ചെലവാക്കാനുള്ള സാഹചര്യമാണൊരുങ്ങിയിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കാൻ നടപടി വേണം
റോഡിനായി കൾട്ടസ് ഭാഗം വരെ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പെരുമ്പടപ്പ് മുതൽ ഇടക്കൊച്ചി വരെയുള്ള പ്രദേശത്ത് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കോർപ്പറേഷന് പണമില്ലാത്തതിനാലാണ് സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തത്.
പുതിയ സാഹചര്യത്തിൽ കുറെ സ്ഥലം റോഡിനായി ഏറ്റെടുക്കാൻ കഴിയും. ആദ്യഘട്ടത്തിൽ ഒറ്റയടിക്ക് ഭൂമി ഏറ്റെടുത്താൽ, പകുതി പ്രശ്നങ്ങൾ തീരും.
റോഡ് നിർമാണം പിന്നീട് നടത്തിയാൽ മതിയാകും. ഈ രീതിയിൽ ഭൂമി ഏറ്റെടുക്കുന്നതിനാണ് കോർപ്പറേഷൻ ഇപ്പോൾ ശ്രമിക്കുന്നത്.