വഴി തെറ്റിച്ച് ഗൂഗിൾ മാപ്പ്; ബാരിക്കേഡ് തീർത്ത് നാട്ടുകാർ

​ആലുവ : ദേശീയപാതയിലെ തിരക്ക് ഒഴിവാക്കാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടുന്നവർ സൂക്ഷിക്കണം. പറവൂർ കവലയിൽ നിന്ന് മണപ്പുറം റോഡിലൂടെ ആലുവ പട്ടണത്തിലേക്ക് എളുപ്പവഴിക്ക് പോകാൻ ഗൂഗിൾ മാപ്പ് നോക്കിയാൽ ചിലപ്പോൾ പെരിയാറിൽ ആയിരിക്കും യാത്ര അവസാനിക്കുക. തോട്ടയ്ക്കാട്ടുകര - കടത്തുകടവ് വഴി നോക്കി വാഹനം ഓടിച്ചുവരുന്നവർക്ക് വൻ അപകടത്തിനാണ് കളമൊരുങ്ങുന്നത്. പല വാഹനങ്ങളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

നിരവധി തവണ പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ല എന്ന് നാട്ടുകാർ പറയുന്നു. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോൾ പലപ്പോഴും എളുപ്പവഴിയായി ആലുവ പട്ടണത്തിൽ എത്തിച്ചേരാൻ ഓൾഡ് ദേശം റോഡിലെ മണപ്പുറം കടത്തുകടവ് ജങ്ഷനിലേക്കാണ് ഗൂഗിൾ മാപ്പിൽ വഴി കാണിക്കുന്നത്. എന്നാൽ രാത്രികാലങ്ങളിൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് കടത്തുകടവിൽ റോഡ് അവസാനിക്കുന്ന വിവരവും അതിനപ്പുറത്തേക്ക് പുഴയാണെന്നുള്ള വിവരവും അറിയുന്നില്ല.

​ നാട്ടുകാർ പലപ്പോഴും ഒച്ചവെച്ചും വഴി തടഞ്ഞുമാണ് പല വാഹനങ്ങളെയും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളത്.

പകൽ സമയത്തും വഴിതെറ്റി വാഹനങ്ങൾ ഈ വഴി വരാറുണ്ടെങ്കിലും രാത്രിയാണ് ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നത്.

ഇത്തരത്തിൽ ഗൂഗിൾ മാപ്പ് നോക്കി ഗോതുരുത്തിലടക്കം പലസ്ഥലങ്ങളിലും അപകട മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പല വാഹനങ്ങളും ഇത്തരത്തിൽ അപകടത്തിൽപ്പെടേണ്ട സാഹചര്യം ഉണ്ടായപ്പോൾ നാട്ടുകാർ ബാരിക്കേഡ് വെച്ച് ഇവിടെ വഴി തടഞ്ഞിരിക്കുകയാണ്.

ശബരിമല സീസൺ ആയതോടെ അയൽ സംസ്ഥാന വാഹനങ്ങൾ കൂടുതലായി ഇതുവഴി വഴിതെറ്റി വരും എന്നതിനാൽ അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് വഴി തടഞ്ഞില്ലെങ്കിൽ വൻ അപകടത്തിന് കാരണമാകും എന്ന് നാട്ടുകാർ പറയുന്നു.

പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതർ കഴിഞ്ഞദിവസം എത്തി പരിശോധന നടത്തി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാം എന്ന് പറഞ്ഞുപോയെങ്കിലും ഇനിയും നടപടി ആയിട്ടില്ല.

ഇനിയൊരു അപകടത്തിന് കാത്തുനിൽക്കാതെ അടിയന്തരമായി അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് മുൻ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ അധികൃതരോട് ആവശ്യപ്പെട്ടു.