പുളിയനം തെക്ക് നിലനിർത്തി എൽ.ഡി.എഫ്.

പാറക്കടവ് പഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പ്
പാറക്കടവ് : പാറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ പുളിയനം തെക്ക് നാലാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സീറ്റ് നിലനിർത്തി. സി.പി.എമ്മിലെ സുഗന്ധി ജോഷി 207 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസിലെ മല്ലിക ടീച്ചറിനെയാണ് പരാജയപ്പെടുത്തിയത്.
ആകെയുള്ള 1276 വോട്ടർമാരിൽ 968 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സുഗന്ധി ജോഷിക്ക് 575 വോട്ടും മല്ലിക ടീച്ചർക്ക് 368 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി സാന്ദ്ര സുബ്രഹ്മണ്യന് 25 വോട്ടും ലഭിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 372 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാൽ ഇത്തവണ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിന് 165 വോട്ടിന്റെ കുറവുണ്ട്. എൻ.ഡി. എ. സ്ഥാനാർഥിക്കും വോട്ടു കുറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 45 വോട്ടു കിട്ടിയത് ഇപ്പോൾ 25 ആയി കുറഞ്ഞു.
യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഫലം വന്നതോടെ 20 അംഗ ഭരണസമിതിയിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ യു.ഡി.എഫ് 11, എൽ.ഡി.എഫ്. 7, ബി.ജെ.പി. 1, സ്വതന്ത്ര 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
വിദേശത്ത് ജോലി ലഭിച്ചതിനാൽ നാലാം വാർഡിലെ എൽ.ഡി.എഫ്. അംഗം രാജി രാജീവ് അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സുഗന്ധി ജോഷി നിലവിൽ വട്ടപ്പറമ്പ് ഗ്രാമീണ സഹകരണ സംഘം ഭരണസമിതി അംഗമാണ്.
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി സുഗന്ധി ജോഷിക്ക് വോട്ടെണ്ണൽ കേന്ദ്രമായ അത്താണി സെയ്ന്റ് ഫ്രാൻസിസ് അസ്സീസി സ്കൂളിൽ സ്വീകരണം നൽകി. എൽ.ഡി.എഫ്. നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ച് ചുവന്ന ഹാരമണിയിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ, അങ്കമാലി ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിബിൻ വർഗീസ്, ഏരിയ കമ്മിറ്റി അംഗം ജിഷ ശ്യാം, മുൻ പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.എസ്. നാരായണൻ, പാറക്കടവ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം.കെ. പ്രകാശൻ പങ്കെടുത്തു. എൽ.ഡി.എഫ്. പ്രവർത്തകർ പുളിയനം നാലാം വാർഡിൽ ആഹ്ളാദ പ്രകടനം നടത്തി.