ഗതാഗതം നിയന്ത്രിക്കാൻ ആളില്ല; ആലുവ-പറവൂർ റോഡിൽ ആംബുലൻസ് കുടുങ്ങി

കരുമാല്ലൂർ : ആലുവ-പറവൂർ റോഡിൽ കലുങ്കുനിർമാണത്തിന്റെ പേരിൽ റോഡ് വെട്ടിപ്പൊളിച്ചിട്ട മരോട്ടിച്ചുവടിൽ ഗതാഗതക്കുരുക്ക്. നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ ആംബുലൻസും സ്‌കൂൾ വാഹനങ്ങളുംവരെ ഇവിടെ കുരുങ്ങിക്കിടന്നു.

ആലുവ-പറവൂർ റോഡ് ടാറിങ് നടത്തുന്നതിന്റെ ഭാഗമായാണ് കലുങ്കുകൾ പുനർനിർമിക്കുന്നത്. കോട്ടപ്പുറം ഭാഗത്താണ് ആദ്യം കലുങ്ക് നിർമിച്ചത്. അവിടെ റോഡിന് വീതി കൂടുതലുള്ളതുകൊണ്ട് വാഹനങ്ങൾക്ക് വലിയ തടസ്സമൊന്നുമുണ്ടായില്ല. പക്ഷേ, തട്ടാംപടി മരോട്ടിച്ചുവട് കവലയിൽ റോഡ് വെട്ടിപ്പൊളിച്ചപ്പോൾ മുതലുള്ള പ്രശ്‌നമാണ്. ഒരുവശത്തുകൂടി മാത്രമേ വണ്ടികൾക്ക് കടന്നുപോകാൻ കഴിയുകയുള്ളൂ. ഇതിനിടെ ഏതെങ്കിലും വണ്ടികൾ വരിതെറ്റിച്ചുകൊണ്ട് കടന്നുവന്നാൽപ്പിന്നെ പണിയായി. മണിക്കൂറുകളോളമാണ് മറ്റുള്ള വാഹനങ്ങൾ നിരയിൽത്തന്നെ കിടക്കേണ്ടിവരുക. ഇത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയതോടെ ഗതാഗതം നിയന്ത്രിക്കാൻ രണ്ട് തൊഴിലാളികളെ ഏർപ്പാടാക്കി. അതിൽപ്പിന്നെ കാര്യമായ തിരക്കുണ്ടായില്ല. എന്നാൽ ബുധനാഴ്ച രാവിലെ ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയായിരുന്നു. അതോടെ വാഹനങ്ങൾ നിരതെറ്റിച്ച് വരാൻതുടങ്ങി. അങ്ങനെ ഗതാഗതം ആകെ താറുമാറായി.

ആലുവ ഭാഗത്തുനിന്നും പറവൂരിലേക്കു പോയെ ആംബുലൻസ് ഏറെനേരം കാത്തുകിടന്ന ശേഷമാണ് കടന്നുപോയത്. അതുപോലെ സ്‌കൂൾ വാഹനങ്ങൾക്ക് കൃത്യസമയത്ത് എല്ലായിടത്തും എത്തിപ്പെടാനുമായില്ല. ഈ കുരുക്ക് രാത്രിവരെ നീളുകയുംചെയ്തു. ഇത് യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.