പെരിയാർവാലി കനാൽ ബണ്ട് റോഡിൽ കാഴ്ചമറച്ച കാട് വെട്ടിത്തുടങ്ങി

കോതമംഗലം : പെരിയാർവാലി കനാൽ ബണ്ട് റോഡിൽ കാടുവെട്ട് ആരംഭിച്ചു. വാഹനങ്ങളുടെ കാഴ്ച മറയ്ക്കുംവിധം റോഡിന് ഇരുവശത്തുമായി വളർന്നുനിൽക്കുന്ന പുല്ലും അടിക്കാടും അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി തിങ്കളാഴ്ചത്തെ മാതൃഭൂമി വാർത്തയെ തുടർന്നാണ് നടപടി. ചെങ്കര മുതൽ ചെമ്മീൻകുത്ത് വരെ മെയിൻ കനാൽ ബണ്ട് റോഡിൽ 3 കിലോമീറ്റർ ദൂരത്തിൽ രണ്ടുദിവസമായി കാടുവെട്ട് നടന്നുവരുകയാണ്.

ഒക്ടോബർ 15-ന് കാടുവെട്ട് തുടങ്ങുവാനായിരുന്നു കഴിഞ്ഞ മാസം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ തീരുമാനം. കനാൽ അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനും കാടുവെട്ടിനുമായി 7.5 കോടിരൂപയാണ് അനുവദിച്ചത്. ഡിസംബർ 1-ന് കനാൽ തുറക്കുന്നതിന് മുന്നോടിയായി ഈ പണികളെല്ലാം നടത്തേണ്ടതുണ്ട്.

തകർന്നുകിടക്കുന്ന ബണ്ട് റോഡിലേക്ക് അപകടകരമാംവിധം കാടുവളർന്നുനിൽക്കുന്നത് മൂലം പലപ്പോഴും വാഹനങ്ങൾക്ക് ഭീഷണിയായിരുന്നു.