എടയാറ്റുചാലിൽ കൃഷിയിറക്കി യുവകൂട്ടായ്മ

കടുങ്ങല്ലൂർ : വിശാലമായ എടയാറ്റുചാൽ കണ്ണുവെച്ച് ഭൂമാഫിയ ഇനി വട്ടമിട്ടുപറക്കേണ്ട. കടുങ്ങല്ലൂരിന്റെ നെല്ലറയായ എടയാറ്റുചാൽ സംരക്ഷിക്കാൻ പ്രദേശത്തെ യുവകൂട്ടായ്മ രംഗത്തിറങ്ങിക്കഴിഞ്ഞു. 240 ഏക്കറിൽ അവർ കൃഷിയിറക്കി.

വ്യവസായമേഖലയുടെ വരവോടെയാണ് കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറ്റുചാലിൽ നെൽകൃഷി ഇല്ലാതെയായത്. രാസമാലിന്യം പാടത്തുനിറഞ്ഞ് കൃഷിക്കനുയോജ്യമല്ലാതെയായി. അങ്ങനെ കർഷകർ നെൽകൃഷിയിൽനിന്നും പിന്തിരിഞ്ഞുപോകുകയായിരുന്നു. വർഷങ്ങളായി എടയാറ്റുചാൽ തരിശായിക്കിടന്നു. പിന്നീട് പത്തുവർഷംമുൻപാണ് വീണ്ടും കൃഷിയിറക്കിയത്.

കഴിഞ്ഞ അഞ്ചുവർഷം കുട്ടനാട്ടിൽനിന്നുള്ള കർഷകരെത്തി എടയാറ്റുചാൽ നെല്ലുത്പാദക സമതിയുടെ നേതൃത്വത്തിൽ കൃഷിചെയ്തു. കഴിഞ്ഞവർഷത്തോടെ അവരുടെ കരാർ അവസാനിച്ചു. അപ്പോഴാണ് സ്പോർട്സ് സിറ്റി എന്ന പദ്ധതിയുമായി ഭൂമാഫിയ രംഗത്തെത്തിയത്. അതിനായി എടയാറ്റുചാലിന്റെ വലിയൊരുഭാഗം നികത്തിയെടുക്കും.

ഇതറിഞ്ഞയുടനെ കർഷകർ പ്രതിഷേധം തുടങ്ങി. പക്ഷേ, പാടത്ത് കൃഷിചെയ്തില്ലെങ്കിൽ ആ കാരണംപറഞ്ഞ് നികത്തിയെടുക്കാൻ മണ്ണടി തുടങ്ങും. അത് അനുവദിക്കാതിരിക്കാനാണ് മുപ്പത്തടം എരമം സ്വദേശികളായ ഒൻപ്ത് യുവാക്കൾ ഇവിടെ കൃഷിചെയ്യാൻ തയ്യാറായി രംഗത്തുവന്നത്.

എടയാറ്റുചാൽ കർഷകസംഘം രൂപവത്കരിച്ച് കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്. 240 ഏക്കറിൽ അവർ കൃഷിചെയ്യുന്നുണ്ട്. അതിനുള്ള വിത്ത് കൃഷിവകുപ്പ് സൗജന്യമായി നൽകി. വളവും കുമ്മായവുമെല്ലാം സബ്‌സിഡിനിരക്കിലും നൽകും. ഒരുക്കിയനിലത്ത് വിത്തെറിഞ്ഞുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സലീംകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിജിഷ, സിന്ധു പാനാപ്പിള്ളി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ എടയാർ, ഫസീലാ ജമാൽ, നിബാ റഫീഖ്, റോസിലി ബിജു, അംജദ് അലി, കൃഷി അസി. ഡയറക്ടർ എൽസ ഗിൽസ്, കൃഷി ഓഫീസർ തെരേസ അലക്സ് എന്നിവർ സംസാരിച്ചു.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമാണം പുനരാരംഭിക്കും

എടയാറ്റുചാലിൽ കൃഷിചെയ്യുമ്പോൾ വേനലിൽ ജലലഭ്യത വലിയൊരു പ്രതിസന്ധിയാണ്. അതിനായാണ് പെരിയാറിൽനിന്നും വെള്ളം പമ്പുചെയ്ത് പാടത്തേക്കെത്തികാൻ പുതിയ ജലസേചനപദ്ധതി ആവിഷ്കരിച്ചത്. അതിനായി പാതാളം റെഗുലേറ്ററിനുസമീപം മോട്ടോർഷെഡ് പണിതു. പക്ഷേ, അതോടെ പണി സ്തംഭിച്ചു. ഇത് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധിച്ചു.

അതേത്തുടർന്ന് കഴിഞ്ഞദിവസം ജലസേചനവകുപ്പ് സൂപ്രണ്ടിങ്ങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം എടയാറിലെത്തി. പമ്പ് ഹൗസിൽനിന്നും പാടത്തേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പുകൾ സ്ഥാപിക്കേണ്ടതുണ്ട്. ആ പ്രദേശമെല്ലാം ഉദ്യോഗസ്ഥർ പരിശോധിച്ചു. മോട്ടോർ സ്ഥാപിക്കുന്നതുൾപ്പടെയുള്ള പണികൾ ഉടൻ ആരംഭിച്ച് രണ്ടുമാസത്തിനുളളിൽ പൂർത്തിയാക്കുമെന്ന് അവർ കർഷകരെ അറിയിച്ചിട്ടുമുണ്ട്.