കേബിൾ കുരുക്ക്; നടപടിയുമായി നഗരസഭ

എൻ.ജി.ഒ ക്വാർട്ടേഴ്‌സുവരെ കേബിളുകൾ മുറിച്ചുമാറ്റി

കാക്കനാട് : റോഡിൽ നടക്കുമ്പോൾ കാൽച്ചുവട്ടിൽമാത്രം നോക്കിയാൽ പോരാ, തലയ്ക്കു മുകളിലേക്കും ഒന്നു നോക്കണം! എപ്പോൾ വേണമെങ്കിലും താഴേക്കു പൊട്ടിവീഴാവുന്ന കേബിളുകൾ, ഇരുചക്രവാഹന യാത്രക്കാരുടെ കഴുത്തിൽ കുരുക്കാകാവുന്ന വയറുകൾ, കാറ്റിലും മഴയിലും റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന ഉപയോഗശൂന്യമായ കേബിളുകളുടെ കെട്ടുകൾ... തൃക്കാക്കരയിലെ റോഡുകളിൽ കേബിളുകൾ തീർത്ത അപകടക്കുരുക്കിന് ഒടുവിൽ നഗരസഭയുടെ കത്രിക വീണു.

പൊതുജനങ്ങളുടെ പരാതികൾ ശക്തമായതോടെയാണ് തൃക്കാക്കര നഗരസഭാ പരിധിയിലെ റോഡുകളിലും തെരുവുവിളക്ക് പോസ്റ്റുകളിലും അപകടകരമായും അനധികൃതമായും തൂങ്ങിക്കിടന്നിരുന്ന കേബിളുകൾ മുറിച്ചുമാറ്റാൻ നടപടി ആരംഭിച്ചത്.

പ്രധാന റോഡുകളിലും തിരക്കേറിയ ജങ്ഷനുകളിലും താഴ്ന്നുകിടക്കുന്ന കേബിളുകൾ ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായിരുന്നു. യാത്രക്കാരെ കാത്ത് റോഡിലൊരുക്കിയ കുരുക്കുപോലെ കിടന്ന കേബിളുകൾ പലപ്പോഴും അപകടങ്ങൾക്കും വഴിയൊരുക്കി. ആവശ്യം കഴിഞ്ഞ കേബിളുകൾ അഴിച്ചുമാറ്റാൻ ആരുമില്ലെങ്കിലും അവയുടെ ഭാരം പേറേണ്ടിവന്നത് റോഡിലൂടെയുള്ള യാത്രക്കാർക്കാണ്. പോസ്റ്റുകളിൽ കെട്ടുപിണഞ്ഞുകിടക്കുന്ന വയറുകൾക്ക് താഴെക്കൂടി യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥയും പതിവായിരുന്നു. മഴയും കാറ്റും ശക്തമാകുമ്പോൾ ഇവ റോഡിലേക്ക് വീഴുമെന്ന ആശങ്കയും നിലനിന്നു. ഇതോടെയാണ് കേബിളുകൾ സ്ഥാപിച്ച കമ്പനികൾക്കെതിരേ നടപടി കടുപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്.

വെള്ളിയാഴ്ച കാക്കനാട് മുതൽ എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് വരെയുള്ള ഭാഗത്താണ് ആദ്യഘട്ടത്തിൽ കേബിളുകൾ മുറിച്ചുമാറ്റിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നഗരസഭയുടെ നിർദേശങ്ങൾ പാലിക്കാതെ വീണ്ടും കേബിളുകൾ സ്ഥാപിക്കുന്നവരിൽനിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കേബിളുകൾ മുറിച്ചുമാറ്റുന്ന നടപടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ റാഷിദ് ഉള്ളംപിള്ളി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ടി.ടി. ബാബു, പി.എസ്. സുജിത്, മുൻ വൈസ് ചെയർമാൻ പി.എം. യൂനുസ്, കൗൺസിലർ റെക്‌സി ഷിജു തുടങ്ങിയവർ പങ്കെടുത്തു.