മൂവാറ്റുപുഴ വാലി കനാൽ നവീകരണത്തിന് ആറ് കോടി

മൂവാറ്റുപുഴ : കാടുമൂടിയ കനാലുകൾ നന്നാക്കി തെളിനീരൊഴുക്കാൻ ആറ് കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി.) ഭാഗമായ ഡാമിന്റെയും കനാലുകളുടെയും അറ്റകുറ്റപ്പണികൾക്കും ജലവിതരണം കുറ്റമറ്റതാക്കുന്നതിനുമാണ് പണം അനുവദിച്ചിരിക്കുന്നതെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. അറിയിച്ചു. മന്ത്രി മോൻസ് ജോസഫുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വർഷം കനാൽ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതും വെള്ളം കിട്ടാത്തതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എം.എൽ.എ.യുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ നേരിട്ടിറങ്ങിയാണ് കനാലുകൾ പലയിടത്തും നന്നാക്കിയത്.

ഇക്കുറി അനുവദിച്ചിരിക്കുന്ന പണം ഉപയോഗിച്ച് 77 പ്രവൃത്തികൾ നടത്തും. പ്രധാന കനാലുകൾ, ബ്രാഞ്ച് കനാലുകൾ, വെള്ളം കൃഷിയിടങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന ചെറിയ ശാഖാ കനാലുകൾ, ക്രോസ് ഡ്രെയിനേജ് എന്നിവയുടെ നവീകരണത്തിനാണ് തുക. കാലപ്പഴക്കം, പ്രളയക്കെടുതികൾ, മണ്ണിടിച്ചിൽ, കരയിടിച്ചിൽ, അറ്റകുറ്റപ്പണികളുടെ പോരായ്മ എന്നിവ മൂലം കനാലുകൾ പലയിടത്തും നീരൊഴുക്കിന് പര്യാപ്തമല്ല. ലൈനിങ് തകർച്ച, ചോർച്ച, പൊട്ടൽ, വശങ്ങൾ ഇടിയൽ, സംരക്ഷണ ഭിത്തികളുടെ നാശം, ക്രോസ് ഡ്രെയിനേജിന്റെ ജീർണാവസ്ഥ എന്നിവ സാരമായുണ്ട്. കനാലുകൾക്കുള്ളിൽ വലിയ മരങ്ങൾ വളർന്ന് കാടുമൂടിയ സ്ഥലങ്ങളുമുണ്ട്. അടിത്തട്ടിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിക്കിടക്കുന്നതും ജല വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മൂലമറ്റം പവർഹൗസിൽനിന്ന് വൈദ്യുതി ഉത്പാദന ശേഷം ഒഴുകി മലങ്കര ഡാമിലെത്തുന്ന വെള്ളമാണ് 323 കിലോമീറ്റർ ദൈർഘ്യമുള്ള കനാലുകളിലൂടെ വിതരണം ചെയ്യുന്നത്. 18,173 ഹെക്ടർ ഭൂമിയിലേക്ക് ഈ വെള്ളം എത്തുന്നു. മഴ കുറയുന്നതോടെ ജലസേചനത്തിനും കുടിവെള്ളത്തിനും കനാലുകളിലെ വെള്ളം അനിവാര്യമാണ്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം പ്രദേശങ്ങളിലെ കർഷകരുടെ ആശ്രയമാണ് മൂവാറ്റുപുഴ വാലി പദ്ധതി. സാങ്കേതികാനുമതി ലഭ്യമാക്കി ഉടൻ ടെൻഡർ ചെയ്യുമെന്നും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. അറിയിച്ചു.