ദേശീയപാതയിൽ ചെറിയപ്പിള്ളി തോട് മൂടിയ സംഭവം; നിർമാണ സൈറ്റിലേക്കുള്ള വാഹനം തടഞ്ഞു

കോട്ടുവള്ളി : ദേശീയപാതാ നിർമാണം നടക്കുന്ന ചെറിയപ്പിള്ളി പുതിയ പാലത്തിനു സമീപം കൽപ്പൊടിയും ചെളിമണ്ണും തോട്ടിലേക്ക് തള്ളിയ സംഭവത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. നിർമാണ സ്ഥലത്തേക്കു പോകുന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.

ഒരു വർഷം മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഴംകൂട്ടി നവീകരിച്ച ചെറിയപ്പിള്ളി തോടാണ് കൽപ്പൊടിയും പൈലിങ് മാലിന്യവും കൊണ്ടുവന്നിട്ടു മൂടിയത്. പ്രദേശത്തെ പ്രധാന നീരൊഴുക്കുള്ള തോട് മൂടിയതിനെതിരേ പരിസരവാസികൾ പഞ്ചായത്തിനും ദേശീയപാതാ അധികൃതർക്കും പരാതി നൽകിയെങ്കിലും അതെല്ലാം അവഗണിച്ചാണ് തോട്ടിലേക്ക് കൽപ്പൊടിയും പൈലിങ് മാലിന്യവും കൊണ്ടുവന്നിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി വാർത്ത നൽകിയിരുന്നു.

പഞ്ചായത്തംഗം കെ.വി. ബിനോയിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ നിർമാണ സൈറ്റിലേക്കുള്ള വാഹനം തടഞ്ഞത്. ഇതിനെ തുടർന്ന് കരാറുകാരുടെ പ്രതിനിധികൾ എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. തിങ്കളാഴ്ചയ്ക്കകം മണ്ണ് നീക്കം ചെയ്ത് തോട് നേരെയാക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തിങ്കളാഴ്ച വരെ കാത്തിരിക്കുമെന്നും അതിനുശേഷവും മണ്ണ് നീക്കിയില്ലെങ്കിൽ നിർമാണ സൈറ്റിലേക്കുള്ള വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കില്ലെന്നും പഞ്ചായത്തംഗം കെ.വി. ബിനോയ് പറഞ്ഞു.