തൃക്കാക്കരയിൽ കൂറ്റൻ പൈപ്പ് പൊട്ടി

കുടിവെള്ളം മുടങ്ങി
കാക്കനാട് : കൊച്ചി നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ തൃക്കാക്കരയിൽ പൊട്ടിത്തെറിച്ചു. ശക്തമായ സമ്മർദത്തിൽ വെള്ളം കുത്തിയൊഴുകിയതോടെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയി വൻ ഗർത്തവും രൂപപ്പെട്ടു.
ഗർത്തത്തിൽ വീണ ബൈക്ക് യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 8.50-ഓടെയാണ് തൃക്കാക്കര പൈപ്പ് ലൈൻ ജങ്ഷനിൽ അപകടം. തൃക്കാക്കര നഗരസഭയിലെ രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന ആലുവയിൽനിന്നുള്ള 900 എം.എം. പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് അരമണിക്കൂറിലേറെ നേരം കനത്ത സമ്മർദത്തിൽ വെള്ളം ചീറ്റിയൊഴുകുകയായിരുന്നു. ഇതിനിടെ ഇന്റർലോക്ക് ചെയ്ത റോഡിന്റെ അടിയിലെ മണ്ണ് ശക്തമായ ജലപ്രവാഹത്തിൽ ഒലിച്ചുപോയി. ഇതോടെ റോഡിൽ ഏകദേശം ആറടി താഴ്ചയുള്ള വൻ ഗർത്തം രൂപപ്പെട്ടു. ഗർത്തം ശ്രദ്ധയിൽപ്പെടാതെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരൻ കുഴിയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ ഉടൻ സ്ഥലത്തെത്തി ഇയാളെ പുറത്തെടുത്തതിനാൽ വലിയ അപകടം ഒഴിവായി. നിസ്സാര പരിക്കേറ്റ യാത്രക്കാരന് പ്രാഥമിക ചികിത്സ നൽകി. എറണാകുളം നഗരഭാഗങ്ങളിലേക്കും തൃക്കാക്കര ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന ലൈനാണ് തകർന്നത്. വിവരമറിഞ്ഞ് വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി ആലുവയിൽനിന്നുള്ള പമ്പിങ് നിർത്തിവെച്ചു. തകരാർ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പ്രധാന പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്നതുവരെ കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി.