വെങ്ങോല വില്ലേജ് ഓഫീസിൽ ജീവനക്കാരില്ല,പ്രവർത്തനം താളംതെറ്റി

പെരുമ്പാവൂർ : ജീവനക്കാരുടെ കുറവുമൂലം വെങ്ങോല വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളംതെറ്റിയതായി പരാതി. 24 വാർഡുകളുള്ള വെങ്ങോലയിലെ ഭൂരിപക്ഷം വാർഡുകളും വെങ്ങോല വില്ലേജ് ഓഫീസ് പരിധിയിലാണ്. സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതോടെ ഫയലുകൾ കെട്ടിക്കിടക്കുകയാണ്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ പോലും വലിയ കാലതാമസം നേരിടുന്നു. ഇതുമൂലം വിദ്യാർഥികൾക്കും മറ്റ് സർക്കാർ ധനസഹായം ലഭിക്കേണ്ടവർക്കും ആനുകൂല്യങ്ങൾ നഷ്ടമാകുന്ന അവസ്ഥയാണ്. സ്ഥലം പോക്കുവരവ് ചെയ്ത് കിട്ടാതെയും ജനം വലയുന്നു.

നൂറുകണക്കിന് പൊതുജനങ്ങൾ ആശ്രയിക്കുന്ന ഓഫീസ് കെട്ടിടത്തിന് ആവശ്യമായ സൗകര്യങ്ങളുമില്ല. ഇടുങ്ങിയ സൗകര്യത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പരിസരവും വേണ്ടവിധം സംരക്ഷിക്കുന്നില്ല. ഒരാഴ്ച മുൻപ്‌ ഒരു ജീവനക്കാരന്റെ കൈയിൽനിന്ന് മദ്യക്കുപ്പി പിടിച്ച സംഭവമുണ്ടായി. വില്ലേജ് ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കാൻ അടിയന്തരമായി സ്റ്റാഫിനെ നിയമിക്കണമെന്നും ഓഫീസ് കെട്ടിടത്തിന്റെ സൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗം ബേസിൽ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.