മേളം നിലച്ചു, സിദ്ധു മടങ്ങി

ചോറ്റാനിക്കര : ചെണ്ടയിലും ഇലത്താളത്തിലും വിസ്മയം തീർത്ത ഏഴാം ക്ലാസുകാരൻ സിദ്ധേശ്വർ (12) ഇനി മേളം കൊട്ടാനില്ല. മേളത്തിലെ അപൂർവസിദ്ധികൊണ്ട് ചെറുപ്രായത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട സിദ്ധേശ്വർ മുങ്ങിമരിച്ചെന്ന വാർത്ത പ്രിയപ്പെട്ടവർക്ക് നടുക്കമായി.

ചെറുപ്രായത്തിൽ തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, എറണാകുളം ശിവക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന മേളങ്ങളിൽ പ്രമുഖർക്കൊപ്പം ഇലത്താളം ചെയ്തിട്ടുണ്ട് സിദ്ധേശ്വർ. തൃശ്ശൂർ പൂരത്തിലും മേളക്കാരനായിട്ടുണ്ട്. പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് സിദ്ധാർഥൻ ഇലത്താളം കൊട്ടുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ വലിയതോതിൽ പ്രചരിക്കുകയും ചെയ്തു.

ചോറ്റാനിക്കര ക്ഷേത്രത്തിൽ പെരുവനം കുട്ടൻ‌മാരാർക്ക് ഒപ്പമാണ് ചൊവ്വാഴ്ച പഞ്ചാരിമേളത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച നടൻ ജയറാം നയിച്ച 'പവിഴമല്ലിത്തറമേളത്തിൽ' സിദ്ധേശ്വർ ഇലത്താളം കൊട്ടിയിരുന്നു. പൂർണത്രയീശ സേവാസംഘത്തിൽ ആണ് മേളം പഠിക്കുന്നത്.

പിഴല അറക്കപ്പറപ്പിൽ സുരേഷിന്റെ മകൻ സിദ്ധേശ്വർ താമസിച്ചുവരുന്ന തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ അമ്മവീടിന് സമീപമുള്ള വാടകവീട്ടിൽ ബുധനാഴ്ച കൊണ്ടുവന്ന ചേതനയറ്റ മുഖം കാണാൻ എത്തിയവർ നിറകണ്ണുകളോടെയാണ് മടങ്ങിയത്. സ്കൂളിന്റെ അഭിമാനമായിരുന്നു സിദ്ധുവെന്ന് പൂത്തോട്ട കെ.പി.എം. സ്കൂളിലെ അധ്യാപകരും പറഞ്ഞു. പ്രിയ കൂട്ടുകാരന്റെ മുഖം അവസാനമായി കണ്ട് സഹപാഠികൾ പൊട്ടിക്കരയുന്ന കാഴ്ച ചുറ്റും നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.  തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽനടന്ന മേളത്തിനുശേഷം പെരുവനം കുട്ടൻമാരാർക്കൊപ്പം സിദ്ധേശ്വർ (ഫയൽ ചിത്രം)