കൊമ്പനാമലയിൽ ഓവർ ഹെഡ് ജലസംഭരണിയുടെ നിർമാണം തുടങ്ങി

പിറവത്ത് ഉയരം കൂടിയ ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും
പിറവം : നഗരസഭ പന്ത്രണ്ടാം ഡിവിഷനിലെ കൊമ്പനാമലയിൽ പുതിയ ജലസംഭരണിയുടെ നിർമാണം തുടങ്ങി. നഗരസഭയിലെ കണ്ണീറ്റുമലയടക്കമുള്ള കിഴക്കൻ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അമൃത് 2.0 പദ്ധതിയിലൂടെ അനുവദിച്ച എട്ടുകോടി രൂപ ഉപയോഗിച്ചാണ് അഞ്ചരലക്ഷം ലിറ്റർ സംഭരണ ശേഷിയുളള ഓവർ ഹെഡ് സംഭരണി നിർമിക്കുന്നത്.
ഓവർ ഹെഡ് ജലസംഭരണിയുടെ നിർമാണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. കൊമ്പനാമലയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ അധ്യക്ഷനായി.
ഉപാധ്യക്ഷ അന്നമ്മാ ഡോമി, സ്ഥിരംസമിതി അധ്യക്ഷരായ അരുൺ കല്ലറയ്ക്കൽ, ജെയസൺ പുളിക്കൽ, വത്സലാ വർഗീസ്, ജിൻസി രാജു, മുൻ നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു, കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, ജിജി ജോജിമോൻ, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ വി.കെ. ജയശ്രീ അമൃത് 02 പദ്ധതി കോഡിനേറ്റർ നിഷാ മോഹൻ, എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു. കൊമ്പനാമലയിൽ നിലവിലുള്ള ഭൂതല സംഭരണിയിൽ മൂന്നുലക്ഷം ലിറ്റർ മാത്രമേ സംഭരിക്കാനാകൂ. അതുതന്നെ ഭൂതലമാകയാൽ അതിലും ഉയരം കൂടിയ ഭാഗങ്ങളിലേക്ക് വെള്ളമെത്തിയിരുന്നുമില്ല. വേനൽ കനക്കുന്നതോടെ കണ്ണീറ്റുമല കൊമ്പനാമല, കാരമല, പെരിയപ്പുറം ഭാഗങ്ങളിൽ കുടിവെള്ളം കിട്ടതാകുമായിരുന്നു. നഗരസഭയുടെ മാലിന്യസംസ്കരണ ശാലയും പൊതുശ്മശാനവും സ്ഥിതിചെയ്യുന്ന കണ്ണീറ്റുമലയിൽ വെള്ളമില്ലാത്തത് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ഇതിനെല്ലാം ശാശ്വതപരിഹാരമെന്ന നിലയ്ക്കാണ് കൊമ്പനാമലയിൽ ഓവർ ഹെഡ് സംഭരണി നിർമിക്കുന്നത്.
അഞ്ച് കിലോമീറ്ററിലേറെ അകലെയുള്ള കക്കാട് ജലശുദ്ധീകരണ ശാലയിൽ നിന്നാണ് ഇവിടേയ്ക്ക് കുടിവെള്ളമെത്തിക്കുന്നത്. നിലവിലുള്ള ഭൂതല സംഭരണിയോടുചേർന്ന് മുൻ ഭരണസമിതിയുടെ കാലത്താണ് പുതിയ സംഭരണിക്കായി സ്ഥലം വാങ്ങിയത്. സംഭരണിയ്ക്കൊപ്പം കക്കാട് ജലശുദ്ധീകരണ ശാലയിൽനിന്ന് അതിലേക്ക് പുതിയ പൈപ്പ് ലൈനും സ്ഥാപിക്കും. പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിത്താഴ്ത്തുന്ന റോഡ് പൂർവ സ്ഥിതിയിയിലാക്കുന്നതിനും കൂടിയാണ് എട്ടുകോടി രൂപ അനുവദിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിൽ കുടിവെള്ള ക്ഷാമം നേരിടുന്ന കിഴക്കൻ പ്രദേശങ്ങളായ നിരപ്പ്, നാമക്കുഴി, കണ്ണീറ്റുമല, ഇല്ലിക്കമുക്കട, പാലച്ചുവട് എന്നിവിടങ്ങളിലെല്ലം സുലഭമായി കുടിവെള്ളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.