പെരുമ്പാവൂർ യാത്രിനിവാസ്; ശൗചാലയം പൂട്ടിയിട്ട് മാസങ്ങൾ

പെരുമ്പാവൂർ : നഗരഹൃദയത്തിൽ ഏറ്റവും തിരക്കേറിയ ഭാഗത്ത് ആലുവ-മൂന്നാർ റോഡരികിലുള്ള യാത്രിനിവാസ് ബസ് ഷെൽട്ടറിലെ ശൗചാലയം മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ബസ് കാത്തുനിൽക്കുന്നവർക്ക് പ്രാഥമികാവശ്യങ്ങൾക്കുപോലും ഇടമില്ല.
ശൗചാലയം പൂട്ടിയതോടെ ചിലർ ശൗചാലയത്തിലേക്കുള്ള വഴിയിലും വ്യാപാര സമുച്ചയത്തിന്റെ മൂലകളിലും മൂത്രമൊഴിക്കുന്നതും മറ്റും പരിസരം വൃത്തിഹീനമാകുന്നതിനും ദുർഗന്ധം വമിക്കുന്നതിനും കാരണമാകുന്നു.
മുൻപ് ദീർഘദൂര യാത്രക്കാർക്കായി വിശ്രമമുറികളും ശൗചാലയങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് പൂട്ടി. വെള്ളമില്ലാത്തതായിരുന്നു അന്നത്തെ മുഖ്യപ്രശ്നം. പിന്നീട് തുറന്നെങ്കിലും ഇപ്പോൾ വീണ്ടും മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. കരാറുകാരൻ അറ്റകുറ്റപ്പണികൾ തീർക്കാത്തതാണ് കാരണമെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.
ഉദ്യോഗസ്ഥരും കരാറുകാരും പരസ്പരം പഴിചാരുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങളാണ്. യാത്രക്കാർക്കും നഗരത്തിലെത്തുന്നവർക്കും ആശ്രയമായ കംഫർട്ട് സ്റ്റേഷൻ എത്രയും വേഗം തുറന്ന് ഉപയോഗക്ഷമമാക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.