ഏലൂർ നഗരസഭയിൽ പ്രത്യേക ശുചീകരണദൗത്യം

ഏലൂർ : വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യം അടിയന്തരമായി നീക്കംചെയ്യുന്നതിനും മാലിന്യം തള്ളൽ തടയാനുമായി ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഏലൂർ നഗരസഭ പ്രത്യേക ശുചീകരണദൗത്യം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 16 മുതൽ പ്രതിദിനം അൻപതോളം ശുചീകരണ തൊഴിലാളികളെയും ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളും മാലിന്യം നീക്കംചെയ്യുന്നതിനുള്ള പ്രത്യേക വാഹനങ്ങളും ഉപയോഗിച്ചാണ് ദൗത്യം മുന്നേറുന്നത്. ഇതുവരെ ശേഖരിച്ച എട്ട് ടണ്ണോളം മാലിന്യം സുരക്ഷിത സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, ക്ലീൻ സിറ്റി മാനേജർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ അടിയന്തര പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക നഗരസഭാ ഫണ്ടിൽ നിന്നും വകയിരുത്തുന്നതിന് നഗരസഭാ കൗൺസിലിന്റെ മുൻകൂർ അനുമതി ലഭിച്ചിട്ടുണ്ട്.

ശുചീകരിച്ച സ്ഥലങ്ങളിൽ വീണ്ടും മാലിന്യം തള്ളുന്നത് തടയാൻ നഗരസഭ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ ഏകോപനത്തിനായി ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്പെക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.

നിയമലംഘകർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ നിയോഗിക്കുകയും മാലിന്യം തള്ളുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കുകയും ചെയ്യും.

ദേശീയ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭയുടെ ശുചിത്വ പരിപാലന ദൗത്യത്തോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ അറിയിച്ചു.